ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സിയുടെ പരസ്യം നല്‍കാനുള്ള അവകാശം സംരക്ഷിക്കുമെന്ന് സുപ്രീം കോടതി. ബസുകളുടെ ഏത് ഭാഗത്ത് പരസ്യം പതിക്കാം എന്നതടക്കമുള്ള വിവരങ്ങളടങ്ങിയ സ്‌കീം നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. സ്‌കീമില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവില്‍ നിന്ന് സംരക്ഷണം നല്‍കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരി, ദീപക് പ്രകാശ് എന്നിവര്‍ സുപ്രീംകോടതിയില്‍ ഹാജരായി.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരസ്യം സ്ഥാപിക്കുന്നതെന്നും ബസുകളില്‍ പരസ്യം പതിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് വരുത്തി വച്ചത് വന്‍ വരുമാന നഷ്ടമാണെന്നും അപ്പീലില്‍ കെ.എസ്.ആര്‍.ടി.സി ചൂണ്ടിക്കാണിച്ചിരുന്നു. പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സി വ്യവസായത്തിന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്നും ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെ.എസ്.ആര്‍.ടി.സി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.
ഹൈക്കോടതി ജഡ്ജിമാര്‍ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. മുന്‍ സുപ്രീം കോടതി വിധിയില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുള്ളതെന്നും കെ.എസ്.ആര്‍.ടി.സി സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. സാമൂഹിക വിഷയങ്ങളില്‍ ജുഡീഷ്യറിയുടെ ഇടപെടലിനെ അംഗീകരിക്കുമ്പോള്‍ തന്നെ ഇത്തരം ഉത്തരവുകള്‍ സാമൂഹിക സേവനം എന്ന നിലയില്‍ മുന്നോട്ട് പോകുന്ന കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.