കോഴിക്കോട്: നൂറ്റാണ്ടുകള്‍ക്ക് ശേഷവും മാറ്റമില്ലാതെ തുടരുന്ന അനന്തസാധ്യതകളുടെ ഭാഷയാണ് അറബി ഭാഷയെന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് കോഴികോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഭാഷാ സെമിനാര്‍ അഭിപ്രായപ്പെട്ടു. ദിവസങ്ങള്‍ കൊണ്ടും മണിക്കൂറുകള്‍ കൊണ്ടും കാലഹരണപ്പെടുന്ന പല വസ്തുക്കളും ഇപ്പോഴുണ്ടെങ്കിലും അറബി ഭാഷ മാറ്റമില്ലാതെ തുടരുന്നത് അതിന്റെ വലിയ പ്രത്യേകതയാണെന്നും സെമിനാര്‍ വിലയിരുത്തി. സെമിനാര്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ആശയ സംവാദത്തിനുളള ഭാഷ വിവാദങ്ങള്‍ക്കുള്ളതല്ലെന്നും എല്ലാ ഭാഷകള്‍ക്കും തുല്യ പ്രാധാന്യമാണുള്ളതെന്നും ഒരു ഭാഷയും മറ്റൊരു ഭാഷയുടെ മുകളിലല്ലെന്നും മന്ത്രി പറഞ്ഞു. മുന്‍ എം.എല്‍.എ.യും അറബി സാഹിത്യോത്സവം ചെയര്‍മാനുമായ വി.കെ.സി മമ്മദ് കോയ അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഭാഷാ പണ്ഡിതരെ ആദരിച്ചു. ഭാഷയെയും, വസ്ത്രത്തെയും, ഭക്ഷണത്തെയും രാജ്യത്തിന്റെ ആശയങ്ങള്‍ വിപരീതമായി ഉപയോഗിച്ചു കൊണ്ട് കളങ്കിതപ്പെടുത്തുന്നതായും അതുവഴി ജനാധിപത്യത്തിന് പോറലേല്‍പിക്കുന്നതായും നാനാത്വത്തില്‍ ഏകത്വമെന്ന ആശത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.സി ഹരികൃഷ്ണന്‍, കെ.എസ്.ടി.എ.കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്‍ ഹഖ്, കെ.എ.എം എസംസ്ഥാന പ്രസിഡന്റ് എം. തമീമുദ്ധീന്‍, കെ.എസ്.ടി.യു ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ അസീസ്, എ.എ.എസ്.ഒ.ടി.പി. ഹാരിസ്, മുന്‍ എ.എസ്.ഒ വി.അബ്ദുല്‍ റഷീദ്, സി.ടി മുഹമ്മദ്, ഐ.എം.ഇ ഫൈസല്‍, എം.എ ജാഫര്‍, കെ.എ മാഹിന്‍, ഇബ്രാഹീം മുതൂര്‍, ഐ.എം.ജി ആമിന ടീച്ചര്‍, പി.പി. ഫിറോസ്, മുജീബുളള, വി. ഷൗക്കത്തലി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാസര്‍, കെ.കെ.അബൂബക്കര്‍, ടി.ഷറഫുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു. അറബി ഭാഷയുടെ അനന്തസാധ്യതകള്‍ എന്ന വിഷയത്തില്‍ ഡോ. ജമാലുദ്ധീന്‍ ഫാറൂഖി, കുഞ്ഞുമുഹമ്മദ് പുലവത്ത് എന്നിവര്‍ ക്ലാസ് എടുത്തു. അറബിക് സാഹിത്യോത്സവം കണ്‍വീനര്‍ എം.എ.ലത്തീഫ് സ്വാഗതവും ജോ. കണ്‍വീനര്‍ നൗഷാദ് കോപ്പി ലാന്‍ നന്ദിയും പറഞ്ഞു.