കോഴിക്കോട്: മലയാളത്തിന്റെ വിശ്വവിഖ്യാതനായ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വൈലാലില്‍ വീട് സന്ദര്‍ശിച്ച് രചനാ മത്സരാര്‍ത്ഥികള്‍. അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലെ രചനാ മത്സരാര്‍ത്ഥികള്‍ക്കായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ‘ബേപ്പൂര്‍ സുല്‍ത്താന്റെ വീട്ടിലേക്കൊരു യാത്ര’യുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. യാത്രയുടെ ഫ്‌ളാഗ് ഓഫ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസും ചേര്‍ന്ന് നിര്‍വഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും വിവിധ രചനാ മത്സരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികളായിരുന്നു യാത്രാ അംഗങ്ങള്‍.
വൈലാലിലെ വീട്ടിലെത്തിയ യാത്രാ സംഘത്തെ ബഷീറിന്റെ മകന്‍ അനീസ് ബഷീറും കുടുംബവും ചേര്‍ന്ന് സ്വീകരിച്ചു. വിട പറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ബഷീര്‍ ഇന്നും ഓര്‍മിക്കപ്പെടുന്നത് ഏറ്റവും വലിയ അംഗീകാരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാങ്കോസ്റ്റിന്‍ മരവും ബഷീറിന്റെ ഗ്രാമഫോണും കഥകളിലൂടെ മാത്രം അറിഞ്ഞ ബഷീറിന്റെ സാഹിത്യലോകവും കണ്‍മുമ്പില്‍ കണ്ടതോടെ പലര്‍ക്കും അതൊരു നവ്യാനുഭമായി. ശേഷം കുട്ടികള്‍ക്കെല്ലാം ഹല്‍വ വിതരണം ചെയ്തു. കോഴിക്കോടിന്റെ ചരിത്രവും വിവരിച്ച് നല്‍കാന്‍ രജീഷ് രാഘവനും യാത്രയെ നയിക്കാന്‍ ഡി.ടി.പി.സി പോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഇര്‍ഷാദുമുണ്ടായിരുന്നു.