കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി അറബി സാഹിത്യോത്സവ കമ്മറ്റി പരപ്പില്‍ എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച അറബിക് എക്‌സ്‌പോ അറിവുകള്‍ നല്‍കി ശ്രദ്ധേയമാകുന്നു. അറബി ഭാഷാ ചരിത്രം , എഴുത്തുകാര്‍, കവികള്‍, പ്രതിഭാശാലികള്‍ , അറബി സാഹിത്യം സ്വദേശത്തും വിദേശത്തുമുള്ള തൊഴില്‍ സാധ്യതകള്‍, ഭാഷാ പഠന കോഴ്‌സുകള്‍, അറബി ഔദ്യോഗിക ഭാഷയായുള്ള രാജ്യങ്ങള്‍, വിവിധ കോഴ്‌സുകള്‍ നടത്തുന്ന കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയ അറബി ഭാഷയുടെ അനന്ത സാധ്യതകളെ കുറിച്ച് അറിവും അവബോധവും നല്‍കുന്ന എക്‌സിബിഷനാണ് ചെയര്‍മാന്‍ എം.ടി അബ്ദുള്‍ ഗഫൂര്‍, കണ്‍വീനര്‍ എ.അബ്ദുള്‍ റഹീം ഫാറൂഖി, ജോ. കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് കാരട്ടിയാട്ടില്‍, കെ.കെ യാസിര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയത്.
അറബി ഭാഷയുടെ ഉത്ഭവവും വളര്‍ച്ചയും പ്രതിപാദിക്കുന്ന ചാര്‍ട്ടുകള്‍, പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍, കാലിഗ്രാഫികള്‍, ചെറിയതും വലുതുമായ ഖുര്‍ആന്‍ പ്രതികള്‍, മത സൗഹാര്‍ദം വിളിച്ചോതുന്ന ചരിത്ര പശ്ചാത്തലങ്ങള്‍, പഴയതും പുതിയതുമായ ഗ്രന്ഥങ്ങള്‍ ,യമന്‍, കുവൈത്ത്, ഇറാഖ്, സഊദി അറേബ്യ എന്നീ രാജ്യങ്ങളിലേതും മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, മൗലാനാ അബുല്‍ കലാം ആസാദ്, മദര്‍ തെരേസ, ശ്രീനാരായണ ഗുരു തുടങ്ങിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കെടുത്തവരും അല്ലാതെയുമുള്ള മഹത് വ്യക്തികളുടെ പേരിലുള്ള നാണയങ്ങള്‍, സ്റ്റാമ്പുകള്‍, അമരിക്ക-ബ്രിട്ടന്‍-ഇന്തോനേഷ്യ-സിംഗപൂര്‍ എന്നിവിടങ്ങളിലെ കറന്‍സികള്‍, അറബി-ഉറുദു-തെലുങ്ക്-ഹിന്ദി-ഇംഗ്ലീഷ്-മലയാളം-അറബി ഭാഷകളിലെ പത്രങ്ങള്‍, പ്രമുഖ കാലിഗ്രാഫി ഡിസൈനര്‍മാരായ ഖലീലുള്ളാഹ് ചെമ്മനാട്, അബ്ദുള്‍ വഹാബ് ചെറുവാടി, എന്നിവരുടെ കാലിഗ്രാഫികള്‍, മുഹമ്മദ് ഇഖ്ബാല്‍ ആസാമിയുടെ ആംഗ്യഭാഷ ചാര്‍ട്ടുകള്‍, 3000 വര്‍ഷം മുമ്പുള്ള അല്‍ മുസ്‌നദ് അറബിക് ലിപി, ചാലിയം അറേബ്യന്‍ സ്റ്റുഡിയോ ഫോട്ടോഗ്രാഫര്‍ നജീബ് എങ്ങാട്ടില്‍ കാമറയില്‍ പകര്‍ത്തിയ ഫോട്ടോകള്‍ എന്നിവയും എക്‌സിബിഷനെ സമ്പന്നമാക്കി. പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അക്കാദമിക് എ.ഡി.പി.ഐ എം.കെ ഷൈന്‍ മോന്‍, അറബിക് സാഹിത്യോത്സവ കണ്‍വീനര്‍ എം.എ ലത്തീഫ് , വൈസ് ചെയര്‍മാന്‍മാരായ ടി.പി അബ്ദുല്‍ ഹഖ്, എം.പി അബ്ദുല്‍ ഖാദര്‍ , പി.മുഹമ്മദലി, അബ്ദുസ്സലാം കാവുങ്ങല്‍, ജോ.കണ്‍വീനര്‍മാരായ നിഷാദ് കോപ്പിലാന്‍ ഉമ്മര്‍ ചെറൂപ്പ, കെ.വി.അബ്ദുല്‍ ജൈസല്‍, എ.എസ്.ഒ ടി.പി. ഹാരിസ്, ഐ.എം.ഇ ഫൈസല്‍, ഐ.എം.ജിആമിന ടീച്ചര്‍, പ്രധാനാധ്യാപകന്‍ എ.ഹസന്‍, എസ്.അഷറഫ്, എം.ടി മുനീര്‍, നൂറുല്‍ അമീന്‍ എന്നിവര്‍ സംബന്ധിച്ചു.