കോഴിക്കോട്: 61ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ലഹരിക്കെതിരേയുള്ള ചിത്രരചന കൈയ്യൊപ്പിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിനിര്‍വഹിച്ചു. പ്രത്യേകം ഒരുക്കിയ ക്യാന്‍വാസില്‍ കൈയ്യൊപ്പ് ചാര്‍ത്തിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഏറ്റെടുത്തുകൊണ്ട് കലോത്സവ നഗരിയിലും സര്‍ഗാത്മകമായി ലഹരി വിരുദ്ധ ആശയം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മന്ത്രിയോടൊപ്പം എം.കെ രാഘവന്‍ എം. പി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ തുടങ്ങിയവരും ലഹരിക്കെതിരേ കൈയ്യൊപ്പു ചാര്‍ത്തി. കലാപ്രതിഭകള്‍ക്കും പൊതുജനങ്ങള്‍ക്കും ലഹരിക്കെതിരേ കൈയ്യൊപ്പിടാം. അതോടൊപ്പം ചിത്രകലാകാരന്‍മാരുടെ കലാസൃഷ്ടികള്‍ വരയ്ക്കാനും കഴിയും വിധമാണ് കാന്‍വാസ് ഒരുക്കിയിരിക്കുന്നത്. കലോത്സവം കഴിയും വരെ ലഹരിക്കെതിരേയുള്ള കൈയ്യൊപ്പ് കാന്‍വാസ് പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കലോത്സവ പോഗ്രാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബി.ഇ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍ താമരശ്ശേരിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.കെ അരവിന്ദന്‍, ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍ താമരശ്ശേരി അംഗങ്ങളും ചിത്രകലാകാരന്‍മാരുമായ മജീദ് ഭവനം, രാജന്‍ ചെമ്പ്ര, നാസര്‍ താമരശ്ശേരി, രാധിക രഞ്ജിത്ത്,സുനിത കിളവൂര്‍, ദിലീപ് ബാലന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.