പങ്കെടുത്തവര്‍ക്കെല്ലാം സൗജന്യ ഫിനോയിലും പച്ചക്കറി വിത്തും നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും
നാദാപുരം: 14ാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വര്‍ഷത്തെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയുള്ള ഗ്രാമസഭകള്‍ക്ക് നാദാപുരത്ത് തുടക്കമായി. ഗ്രാമസഭയില്‍ പങ്കെടുത്തവര്‍ക്കെല്ലാം 200 മില്ലി ഫിനോയില്‍, പച്ചക്കറി വിത്ത്, പങ്കെടുത്തവരില്‍ നിന്ന് അഞ്ചുപേര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനം, ഗ്രാമസഭയില്‍ പങ്കെടുത്ത മുതിര്‍ന്ന അംഗത്തിന് പ്രത്യേക സമ്മാനം, ഗ്രൂപ്പ് ചര്‍ച്ച, പ്രമേയ അവതരണം എന്നിങ്ങനെയുള്ള വിവിധ പരിപാടികളോടെ 21ആം വാര്‍ഡ് ഗ്രാമസഭ മാതൃക ഗ്രാമസഭയായി നാദാപുരം യു.പി സ്‌കൂളില്‍ വച്ച് നടന്നു. 240 പേര്‍ പങ്കെടുത്ത ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു. വികസന കാഴ്ചപ്പാട് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസറും ഗ്രാമസഭയുടെ പ്രാധാന്യത്തെക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദും സംസാരിച്ചു.
മെമ്പര്‍ കെ.കുഞ്ഞിരാമന്‍ ആശംസകള്‍ അറിയിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.സി സുബൈര്‍, ജനിത ഫിര്‍ദൗസ്, മെമ്പര്‍മാരായ അബ്ബാസ് കണയ്ക്കല്‍, സുനിത എടവത്ത്കണ്ടി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഹാരിസ് മാത്തോട്ടത്തില്‍ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികള്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ഗ്രാമസഭ ഫെസിലിറ്റേറ്റര്‍ മാര്‍ എന്നിവര്‍ ഗ്രാമസഭയില്‍ പങ്കെടുത്തു. തുടര്‍ന്ന് 13 ഗ്രൂപ്പുകളായി തിരിഞ്ഞ് പഞ്ചായത്ത് വികസന പരിപ്രക്ഷത്തില്‍ ഉള്‍പ്പെടുത്തേണ്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
വിവിധ വിഷയങ്ങളില്‍ ടി.കെ റഫീഖ് (കായിക പരിശീലനത്തിന് സ്‌പോര്‍ട്‌സ് വില്ലേജ് സ്ഥാപിക്കല്‍ ), വണ്ണാന്‍ വീട്ടില്‍ താഴെ കുനി ഷീബ ( അനധികൃത ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ മന്ദിരങ്ങള്‍ നിര്‍മിക്കുക ), കെ. കെ നൗഫല്‍ ( ഓവുചാലുകള്‍ മാലിന്യമുക്തമാക്കുക ), കിഴക്കയില്‍ സിറാജ് ( പഞ്ചായത്ത് സ്വന്തം സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകള്‍ സ്ഥാപിച്ച് അത്യാധുനിക ലൈറ്റുകള്‍ ഘടിപ്പിക്കുക), വെള്ളച്ചാലില്‍ റഷീദ് ( ഓടകള്‍ വൃത്തിയാക്കി ജലത്തിന്റെ ഒഴുക്ക് സുഗമമാക്കുക ), കെ.കെ.സി അബ്ദുല്ല ഹാജി (കക്കംവള്ളി തോടിലെ മണ്ണും ചെളിയും മാലിന്യങ്ങളും നീക്കി ഭിത്തികള്‍ കെട്ടി തോട് സംരക്ഷിക്കുക, വിനോദസഞ്ചാരികളെ ആകര്‍ഷിക്കും വിധം ബോട്ട് സര്‍വീസ് ആരംഭിക്കുക), ഹാരിസ്മാതോട്ടത്തില്‍ (കക്കംവെള്ളി ടൗണിന് ഫാഷന്‍ സിറ്റി എന്ന് നാമകരണം നടത്തി റോഡിന്റെ ഇരുഭാഗവും കെട്ടിട ഉടമകളുടേയും കച്ചവടക്കാരുടേയും സഹകരണത്തോടെ മോഡി കൂട്ടി ബസ് സ്റ്റോപ്പ് സ്ഥാപിക്കുക ), എം.എം.കെ അബ്ദുള്ള (പോലിസ് സ്റ്റേഷന്‍ പരിസരത്ത് ചായ കടകളിലെ സിഗരറ്റ് വില്‍പന തടയുക ,രൂക്ഷമായ കൊതുകു ശല്യത്തിന് പരിഹാരം കാണുക ), മുഹമ്മദ് കുന്നോത്ത് (കക്കംവെള്ളി കനാല്‍ കാട് വെട്ടി തെളിച്ചു മാലിന്യങ്ങള്‍ ഒഴിവാക്കുക ) എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.