അമ്പലവയല്‍: സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പൂക്കളുകളുടെ വിസ്മയ ലോകം കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തിയതോടെ അമ്പലവയല്‍ പൂപ്പൊലി അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി. സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റു സ്ഥാപനങ്ങളില്‍ നിന്നുള്ള ആളുകളും സഞ്ചാരികളും എത്തിയതോടെ ഇതുവരെ അനുഭവപ്പെടാത്ത ജനപങ്കാളിത്തം കൊണ്ട് പൂപ്പൊലി വ്യത്യസ്തമായി.
കണ്ണിനും മനസ്സിനും കുളിര്‍മയും ആഹ്ലാദവും വിസ്മയവും തീര്‍ക്കുന്നതിനൊപ്പം പൂപ്പൊലി വിജ്ഞാനപ്രദമായ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. പൂപ്പൊലിയുടെ നാലാമത്തെ ദിവസമായ ജനുവരി നാലിന് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രവും കൃഷി വിജ്ഞാനകേന്ദ്രവും ചേര്‍ന്നു കെ. വി.കെ ട്രെയിനിങ് ഹാളില്‍ രാവിലെ 10 മണി മുതല്‍ 1 മണി വരെ കാര്‍ഷിക സെമിനാറുകള്‍ സംഘടിപ്പിച്ചു.
ആദ്യ സെമിനാറില്‍ ‘തുറസ്സായസ്ഥലത്തെ കൃത്യതാ കൃഷി – എന്‍ജിനീയറിംഗ് വശങ്ങള്‍ ‘ എന്ന വിഷയത്തില്‍ കേളപ്പജി കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി തവനൂര്‍, മലപ്പുറം പ്രൊഫസര്‍ ഡോ. അബ്ദുല്‍ ഹക്കീം വി.എം സംസാരിച്ചു.
രണ്ടാമത്തെ സെമിനാറായ ‘തുറസ്സായസ്ഥലത്തെ കൃത്യതാ കൃഷി – വിള പരിപാലന മുറകള്‍’ നയിച്ചത് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, പട്ടാമ്പി മണ്ണ് ശാസ്ത്രവിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. തുളസി .വി ആണ്. കര്‍ഷകര്‍ ഉന്നയിച്ച തുറസായ കൃത്യത കൃഷി രീതിയെ കുറിച്ചുള്ള സംശയങ്ങള്‍ നിവാരണം നടത്തി. നൂറോളം കര്‍ഷകര്‍ സെമിനാറില്‍ പങ്കെടുത്തു.