ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു

ചങ്ങനാശേരി: കവിയും ഗാനരചയിതാവും അവതാരകനുമായി ബീയാര്‍ പ്രസാദ് അന്തരിച്ചു. 62 വയസായിരുന്നു. കോട്ടയം ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന മോഹന്‍ലാല്‍ സിനിമയ്ക്ക് വേണ്ടിയാണ് ആദ്യമായി സിനിമയ്ക്ക് വേണ്ടി ഗാനരചന നടത്തിയത്. അറുപതിലധികം ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ചു. കവി, ഗാനരചയിതാവ്, നാടകകൃത്ത്, അവതാരകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയാണ് ബീയാര്‍ പ്രസാദ്. സാഹിത്യത്തില്‍ ബിരുദം നേടിയിട്ടുള്ള പ്രസാദ് ചെറുപ്പകാലം തൊട്ടേ കവിതകള്‍ വായിക്കുകയും മറ്റു സാഹിത്യാഭിരുചികളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. നാടക രചന, സംവിധാനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 1993 ല്‍ ജോണി എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിക്കുന്നത്.

കിളിച്ചുണ്ടന്‍ മാമ്പഴത്തിനു മുന്‍പ് ബീയാര്‍ പ്രസാദ് ഗാനരചന നിര്‍വഹിച്ചത് സീതാ കല്യാണം എന്ന ചിത്രത്തിനായിരുന്നു പക്ഷേ ആ ചിത്രം റിലീസായത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. അതിനാല്‍ പ്രസാദിന്റെ ജനങ്ങള്‍ കേട്ട ആദ്യ ഗാനങ്ങള്‍ കിളിചുണ്ടന്‍ മാമ്പഴത്തിലേതായിരുന്നു. തുടര്‍ന്ന് ജലോത്സവം, വെട്ടം, തട്ടുംപുറത്ത് അച്യുതന്‍ എന്നിവയുള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് ബീയാര്‍ പ്രസാദ് ഗാനരചന നിര്‍വഹിച്ചു. സിനിമകള്‍ കൂടാതെ സംഗീത ആല്‍ബങ്ങള്‍ക്കും ബീയാര്‍ പ്രസാദ് രചന നിര്‍വഹിച്ചിട്ടുണ്ട്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *