മധ്യപ്രദേശ് സര്‍ക്കാരിന് തിരിച്ചടി; എല്ലാ മതപരിവര്‍ത്തനങ്ങളും നിയമവിരുദ്ധമല്ല: സുപ്രീം കോടതി

മധ്യപ്രദേശ് സര്‍ക്കാരിന് തിരിച്ചടി; എല്ലാ മതപരിവര്‍ത്തനങ്ങളും നിയമവിരുദ്ധമല്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: എല്ലാ മതപരിവര്‍ത്തനങ്ങളും നിയമവിരുദ്ധമാകില്ലെന്ന് സുപ്രീം കോടതി. മതം മാറുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റിന് സത്യവാങ്മൂലം നല്‍കണമെന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബഞ്ചാണ് നിരീക്ഷണം നടത്തിയത്.

മധ്യപ്രദേശ് സര്‍ക്കാരാണ് ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചത്. വിവാഹത്തിനായി നടക്കുന്ന മതപരിവര്‍ത്തനം ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്ന് മാത്രമേ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുള്ളുവെന്ന് മധ്യപ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. മതപരിവര്‍ത്തനം നടത്തിയ ശേഷമുള്ള വിവാഹങ്ങള്‍ വിലക്കിയിട്ടില്ലെന്നും തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.
പ്രായപൂര്‍ത്തിയായ പൗരന്മാര്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുകയും 2021ലെ മധ്യമപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിന്റെ സെക്ഷന്‍ 10 ലംഘിക്കുകയും ചെയ്താലും അവരെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ നിന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ വിലക്കിയിരുന്നു. ഇതിനെതിരേയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കേസിലെ എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയയ്ച്ചു. ഫെബ്രുവരി ഏഴിന് കേസില്‍ വിശദമായി വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *