കോഴിക്കോട്: കേരള സ്‌കൂള്‍ കലോത്സവം ഹരിത ചട്ടം പാലിച്ചു നടത്തുന്നതിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിക്ക് പിന്തുണയുമായി കര്‍മ്മസേന. രാമനാട്ടുകര നഗരസഭയിലേയും കുന്ദമംഗലം ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെയും ഹരിത കര്‍മ്മസേന അംഗങ്ങളാണ് പ്ലാസ്റ്റിക്ക് സഞ്ചികള്‍ക്ക് പകരം തുണിസഞ്ചികളും പേപ്പര്‍ ബാഗുകളും നിര്‍മ്മിച്ച് മാതൃകയായത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഹരിത കര്‍മ്മ സേനാംഗങ്ങളായ അജിത, സാബിറ, സ്മിത ഷീജ, എന്നിവരില്‍ നിന്ന് തുണിസഞ്ചി ഏറ്റുവാങ്ങി.
നവകേരളം മിഷന്റെ സഹായത്തോടെയാണ് ഇത്തരമൊരു ഇടപെടല്‍ സാധ്യമായത്. പ്ലാസ്റ്റിക് സഞ്ചിക്ക് ബദലായി 150 ഓളം തുണിസഞ്ചികളും പേപ്പര്‍ ബാഗുകളുമാണ് ഇവര്‍ തയ്യാറാക്കിയത്. വേദികളിലെത്തുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കാന്‍ അത്യാവശ്യക്കാര്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് ഗ്രീന്‍ ബ്രിഗേഡ് മുഖേന തുണിസഞ്ചികള്‍ വിതരണം ചെയ്യുന്നത്. ചടങ്ങില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ അഡ്വ എം.രാജന്‍, കണ്‍വീനര്‍ കെ.കെ ശ്രീജേഷ് കുമാര്‍, നവകേരളം മിഷന്‍ പ്രതിനിധികളായ പ്രിയ.പി, രാജേഷ്.എ, രുദ്രപ്രിയ ജി.ആര്‍, ജസ്ലിന്‍, പ്രമോദ്, ജോയിന്റ് കണ്‍വീനര്‍മാര്‍ തുടങ്ങിവര്‍ പങ്കെടുത്തു.