കലോത്സവത്തില്‍ ദാഹം തീര്‍ക്കാന്‍ മണ്‍കൂജയില്‍ ശുദ്ധജലം ലഭ്യമാക്കി സംഘാടകര്‍

കലോത്സവത്തില്‍ ദാഹം തീര്‍ക്കാന്‍ മണ്‍കൂജയില്‍ ശുദ്ധജലം ലഭ്യമാക്കി സംഘാടകര്‍

കോഴിക്കോട്: കലോത്സവ വേദികളില്‍ ദാഹിച്ചെത്തുന്നവര്‍ക്ക് ശുദ്ധജലം ലഭ്യമാക്കി സംഘാടകര്‍. വെയിലിന്റെ ക്ഷീണമോ തളര്‍ച്ചയോ അറിയാതെ കലോത്സവ വേദികളിലെല്ലാം ശുദ്ധജലം കുടിക്കാം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ പ്ലാസ്റ്റിക് മുക്തമാക്കുക, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ ബോധവല്‍ക്കരണം എന്നീ ലക്ഷ്യവുമായാണ് ‘തണ്ണീര്‍ കൂജ’യെന്ന പേരില്‍ മണ്‍കൂജയില്‍ കുടിവെള്ളം ലഭ്യമാക്കുന്നത്.വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു മാതൃകാപരമായ പദ്ധതി നടപ്പാക്കുന്നത്. വെള്ളം സംഭരിക്കുന്നതിന് വലിയ ഭരണിപോലുള്ള മണ്‍ പാത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വെള്ളം കുടിക്കുന്നതിന് മണ്‍ ഗ്ലാസ്സും വേദികളില്‍ ഒരുക്കിയിട്ടുണ്ട്. ആകെ 500 മണ്‍കൂജകളും 6000 മണ്‍ ഗ്ലാസുകളുമാണ് കലോത്സവത്തിനായി എത്തിച്ചിട്ടുള്ളത്. പ്രധാന വേദിയില്‍ തന്നെ നൂറോളം മണ്‍കൂജകളാണ് ഒരുക്കിയിട്ടുള്ളത്. 20 ലിറ്റര്‍, 15 ലിറ്റര്‍ വെള്ളം കൊള്ളുന്ന കൂജകളാണിവ. വെള്ളം നല്‍കാന്‍ മണ്ണില്‍ നിര്‍മ്മിച്ച ജഗ്ഗുകളും ഒരുക്കിയിട്ടുണ്ട്. വേദിയിലുള്ള വളണ്ടിയര്‍മാര്‍, എന്‍.എസ്.എസ്, എസ്.പി.സി,ജെ ആര്‍.സി റെഡ്‌ക്രോസ് എന്നിവരെയാണ് കൂജയില്‍ വെള്ളം നിറക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ 40 മണ്‍പാത്ര നിര്‍മാണ യൂണിറ്റുകളില്‍ നിന്നാണ് കൂജയും ഭരണിയും എത്തിച്ചത്. സൂറത്തില്‍ നിന്നുള്ളതാണ് മണ്‍ഗ്ലാസ്സുകള്‍. കലോത്സവ ശേഷം മണ്‍പാത്രങ്ങളെല്ലാം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് കൈമാറും. കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷനാണ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ചുമതല. കെ.കെ രമ എം.എല്‍.എയാണ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍. കെ. പി സുരേഷ്, എന്‍.കെ റഫീഖ് എന്നിവരാണ് കണ്‍വീനര്‍മാര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *