61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് തുടക്കം
കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം. ഇനി അഞ്ചു നാളുകള്‍ കലാമാമങ്കത്തിന് സാക്ഷിയാകാന്‍ ഒരുങ്ങി കഴിഞ്ഞു നാടും നഗരവും. പ്രധാന വേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ ഇന്ന് രാവിലെ 8.30ന് പൊതു വിദ്യാഭ്യസ ഡയരക്ടര്‍ കെ. ജീവന്‍ ബാബു പതാക ഉയര്‍ത്തി. 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തി.
സാമൂഹ്യ വിമര്‍ശനത്തിന്റെയും നവീകരണത്തിന്റെയും ചാലു കീറാനായി വിദ്യാര്‍ഥികള്‍ കലാരൂപങ്ങളെ മാറ്റുന്ന സാംസ്‌കാരിക ഉല്‍സവം. വിജയിക്കലല്ല പങ്കെടുക്കുന്നതിലാണ് കാര്യം. രക്ഷിതാക്കള്‍ അനാവശ്യ മല്‍സര പ്രവണത കാണിക്കുന്നു എന്ന വിമര്‍ശനം ഉണ്ട്. എല്ലാ കുട്ടികളുടെയും വിജയത്തില്‍ സന്തോഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ വീണ്ടെടുപ്പിന് കലോല്‍സവങ്ങള്‍ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍ കോവില്‍, മേയര്‍ ബീന ഫിലിപ്, എം.കെ രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിനിമാ താരം ആശ ശരത്ത് പ്രത്യേക ക്ഷണിതാവായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് സ്വാഗതവും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ ജീവന്‍ ബാബു.കെ നന്ദിയും പറഞ്ഞു. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ആദ്യ സംഘത്തെ കഴിഞ്ഞദിവസം റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് മന്ത്രിമാരായ വി.ശിവന്‍ കുട്ടിയുടേയും മുഹമ്മദ് റിയാസിന്റേയും നേതൃത്വത്തില്‍ സ്‌പെഷ്യല്‍ കോഴിക്കോടന്‍ ഹല്‍വ നല്‍കി കൊണ്ടാണ് സ്വീകരിച്ചത്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്‌കൂള്‍ കലാമേള വീണ്ടും നടക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇനങ്ങളില്‍ 14000ത്തോളം കൗമാര പ്രതിഭകള്‍ മാറ്റുരയ്ക്കും. കാലാനുസൃതമായി കലോല്‍സവ മാനുവല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഗോത്രകലകളെ കലോല്‍സവത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.