കോഴിക്കോട്: മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതെ കലോത്സവത്തെ ആഘോഷമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി. കലോത്സവ വേദിയില്‍ മത്സരത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്ക് മാനസിക പിന്തുണയും കരുതലും നിയമ സഹായങ്ങളും നല്‍കുന്നതിനായി വിദഗ്ധരുടെ കൗണ്‍സിലിങ്ങാണ് ഇവിടെ നല്‍കുന്നത്. വിദ്യാര്‍ഥികള്‍ക്ക് പുറമെ അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കും കൗണ്‍സിലിങ് നല്‍കുന്നുണ്ട്. നാല് ഡോക്ടര്‍മാര്‍, നാല് കൗണ്‍സിലര്‍മാര്‍ എന്നിവരാണ് കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നത്.പൊതുജനങ്ങള്‍ക്ക് നിയമങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണവും നിയമ സഹായവും നല്‍കും. നിയമ ബോധവല്‍ക്കരണം നടത്തുക, നിയമ അറിവുകള്‍ പങ്കുവെക്കുക, സഹായങ്ങള്‍ നല്‍കുക, നിയമ സംബന്ധിയായ പുസ്തകങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങളും ഇവിടെ ചെയ്യുന്നുണ്ട്. കൂടാതെ ലീഗല്‍ സര്‍വീസസ് അതോറിറ്റി പരിഗണിക്കുന്ന വിഭാഗത്തിലുള്ള പരാതികള്‍ നേരിട്ട് സ്വീകരിക്കുകയും ചെയ്യും. ജില്ലാ കോടതി ജഡ്ജ് കൃഷ്ണകുമാര്‍, സബ് ജഡ്ജ് എം.പി ഷൈജല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാന വേദിയായ വിക്രം മൈതാനിയിലാണ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്.