ചാലക്കര പുരുഷു
തലശ്ശേരി: അഗ്‌നിക രെഞ്ചു മിഴി തുറന്നത് വര്‍ണ്ണങ്ങളുടേയും വരകളുടേയും ലോകത്തേക്കാണ്.
പ്രശസ്ത ചിത്രകാരന്‍ എം.വി. രഞ്ചുവിന്റേയും, കലാ സ്‌നേഹിയായ അനഘ രഞ്ചുവിന്റേയും മകളായ ഒന്‍പത് മാസം മാത്രം പ്രായമായ അഗ്‌നികക്ക് കളിക്കാന്‍ നിറക്കൂട്ടുകള്‍ നിര്‍ബന്ധം. പിതാവിന്റെ ചിത്രരചനയില്‍ ഏറെ ആകൃഷ്ടയായ ഈ പിഞ്ച് കുഞ്ഞിന് കളിപ്പാട്ടങ്ങള്‍ ബ്രഷും, നിറങ്ങളും, കടലാസുകളും. പതിവായി അച്ഛന്‍ വരയ്ക്കുന്നത് ഏറെ നേരം നോക്കിയിരിക്കുന്ന ഈ കുട്ടിക്ക് ബ്രഷില്‍ നിറംപകര്‍ന്ന് നല്‍കിയപ്പോള്‍, പിഞ്ചു കൈകള്‍ കടലാസില്‍ വര്‍ണ്ണരാജികള്‍ തീര്‍ത്തു. സൂക്ഷിച്ചുനോക്കിയപ്പോള്‍ അമൂര്‍ത്ത രചനയിലെവിടെയൊക്കെയോ അവ്യക്തമായ രൂപങ്ങള്‍ തെളിഞ്ഞു. പിന്നീട് ഇത് ആവര്‍ത്തിച്ചപ്പോഴൊക്കെ എന്തൊക്കെയോ രൂപങ്ങള്‍ ക്യാന്‍വാസുകളില്‍ നിറയുന്നതായി കണ്ടു. വരച്ചു വെച്ച ക്യാന്‍വാസുകള്‍ കണാനിടയായ ബന്ധുക്കളും ചില സുഹൃത്തുക്കളും വര്‍ണ്ണങ്ങള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന രൂപസാദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് അഗ്‌നികയിലെ കൊച്ചു കലാകാരിയിലെ സര്‍ഗ്ഗ പരതയുടെ മിന്നലാട്ടം തിരിച്ചറിഞ്ഞത്.
നമുക്ക് വൈകി കിട്ടിയതോ, കിട്ടാതെ പോയതോ ആയ കാര്യങ്ങള്‍ എത്രയും വേഗത്തിലും നന്നായും നമ്മുടെ കുഞ്ഞുങ്ങളിലേക്ക് എത്തിക്കണമെന്നായിരിക്കാം മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്.’ അതുപോലുള്ള ഒരു ആഗ്രഹമായിരുന്നു അഗ്‌നികക്ക് ആറാം മാസത്തില്‍ തന്നെ നിറങ്ങള്‍കൊണ്ട് ‘കളിക്കാ’നുള്ള സാധനങ്ങള്‍ നല്‍കാന്‍ പിതാവ് രഞ്ചുവിനെ പ്രേരിപ്പിച്ചത്. പെന്‍സില്‍ കൊണ്ടുമാത്രം ചിത്രങ്ങള്‍ കുത്തിക്കുറിച്ചിരുന്ന രഞ്ചുവിന്റെ ചെറുപ്പകാലത്തെ വലിയൊരു മോഹമായിരുന്നു, മറ്റുള്ളവരെ പോലെ കളറും ബ്രഷും കൊണ്ടു വരയ്ക്കുക എന്നത്. ഇക്കഴിഞ്ഞ വിദ്യാരംഭത്തിനാണ് ആദ്യമായി അഗ്‌നികക്ക് ബ്രഷും പെയിന്റും നല്‍കിയത് അത് ഒരു ഹരിശ്രീ കുറിക്കലുമായി.
അവള്‍ ആദ്യമായി ചെയ്ത പെയിന്റിങ് ആയതിനാല്‍ ഫ്രെയിം ചെയ്ത് വീടിന്റെ ലിവിങ് റൂമില്‍ വയ്
ക്കുകയായിരുന്നു. എല്ലാദിവസവും അവള്‍ ആ പെയിന്റിംഗ് കാണുമ്പോള്‍ വളരെ ആവേശം കൊള്ളുന്നതും, സന്തോഷിക്കുന്നതും രക്ഷിതാക്കള്‍ കണ്ടു. സാധാരണ ഈ പ്രായത്തിലെ കുട്ടികള്‍ക്ക് ബ്രൈറ്റ് കളേഴ്‌സ് കാണുമ്പോള്‍ ഉണ്ടാവുന്ന ആവേശമാണെന്ന് രഞ്ചു കരുതി. ഒരു ദിവസം തന്നെ എത്ര തവണ കണ്ടാലും അവള്‍ക്ക് ആദ്യം കാണുമ്പോള്‍ ഉള്ള അതേ ആവേശം കാണാന്‍ കഴിഞ്ഞു. അവളുടെ ആവേശത്തിന്റെ പ്രചോദനത്തില്‍ വീണ്ടും അവളെക്കൊണ്ട് രണ്ട് പെയിന്റിങ് കൂടി ചെയ്യിച്ചു .അവയെല്ലാം ഒരുമിച്ചു കാണുമ്പോള്‍ അവള്‍ വളരെ സന്തോഷിക്കുന്നുണ്ടായിരുന്നു. പിന്നീട് 15 ഓളം ചിത്രങ്ങള്‍ വരച്ചതിന് ശേഷമാണ് എക്‌സിബിഷന്‍ എന്ന ആശയം രഞ്ചുവിന്റെ മനസ്സിലേക്ക് വന്നത് .
എക്‌സിബിഷനെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് . ഇതിനുവേണ്ടി ആര്‍ട്ട് ഗ്യാലറികളെ സമീപിച്ചപ്പോള്‍ അവര്‍ അവളുടെ പ്രായം കണക്കിലെടുത്തായിരിക്കാം അവരുടെ ഭാഗത്തുനിന്ന് പൂര്‍ണമായ സഹകരണം ലഭിച്ചില്ല. അങ്ങനെയാണ് അവസാനമായി കേരള ലളിതകലാ അക്കാദമിയെ സമീപിച്ചത്. ജനുവരി ആറ് മുതല്‍ 10 വരെ തിരുവങ്ങാട്ടെ ലളിതകലാ അക്കാദമി ഗാലറിയില്‍ ചലച്ചിത്ര സംവിധായകന്‍ പ്രദീപ് ചൊക്ലിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഫ്‌ളവേഴ്‌സ് സെക്കന്റ് ടോപ്പ് സിംഗര്‍ തേജസ് ഉദ്ഘാടനം ചെയ്യും.
ചിത്രകലയില്‍ ബിരുദാനന്തര ബിരുദമുള്ള ദേശത്തും വിദേശത്തുമായി പതിനഞ്ചില്‍പരം കമ്പനികളില്‍ ജോലി ചെയ്ത് വിദേശ സിനിമ, ഗെയിം, ആനിമേഷന്‍ മേഖലകളില്‍ വിഷ്വല്‍ ഡെവലപ്‌മെന്റ് ഡയരക്ടറായി പ്രവര്‍ത്തിക്കുകയാണ് രഞ്ചു. പ്രശസ്തമായ പള്ളൂരിലെ ചിരികണ്ടോത്ത് ക്ഷേത്രത്തിന് വേണ്ടി കുടുംബാംഗം കൂടിയായ രഞ്ചു അടുത്തിടെ വരച്ച് സമര്‍പ്പിച്ച ചടുല ഭാവങ്ങള്‍ പ്രകടമാക്കുന്ന വിവിധ തെയ്യരൂപങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.