അമ്പലവയല്‍: പൂപ്പൊലിയോട് അനുബന്ധിച്ച് നടന്ന കര്‍ഷക സെമിനാര്‍ വന്‍ കര്‍ഷക പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രവും കൃഷി വിജ്ഞാന കേന്ദ്രവും ചേര്‍ന്നു കെ.വി.കെ ട്രെയിനിങ് ഹാളില്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആണ് സെമിനാര്‍ സംഘടിപ്പിച്ചത്. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. കെ.അജിത്കുമാര്‍ ആമുഖ പ്രഭാഷണം നടത്തി.
കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വ്യാപന മേധാവിയും ശാസ്ത്രജ്ഞനും ആയ ഡോ. ജേക്കബ് ജോണ്‍ സംയോജിത കൃഷി സമ്പ്രദായം – വയനാട്ടിലെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. നെല്ലധിഷ്ഠിത സംയോജിതകൃഷി, പുരയിടാധിഷ്ഠിത സംയോജിതകൃഷി, സംയോജിത മട്ടുപ്പാവ് കൃഷി തുടങ്ങിയ കൃഷിരീതികള്‍ അദ്ദേഹം പരിചയപ്പെടുത്തി. സ്ഥലപരിമിതിയും നാമമാത്ര കര്‍ഷകരുടെ വര്‍ധനവും സംയോജിത കൃഷിക്ക് പ്രാധാന്യം വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ ഉന്നയിച്ച സംയോജിത കൃഷിയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും മറ്റു കാര്‍ഷിക പ്രശ്‌നങ്ങള്‍ക്കും അദ്ദേഹം സംശയനിവാരണം നടത്തി. നൂറോളം കര്‍ഷകര്‍ സെമിനാറില്‍ പങ്കെടുത്തു.