അമ്പലവയല്‍: പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും പ്രതീകമായ പൂപ്പൊലി ലോക ടൂറിസം ഭൂപടത്തില്‍ വയനാടിന് തനതായ ഒരു സ്ഥാനം നേടിക്കൊടിത്തിട്ടുണ്ട്. സ്വദേശത്തും വിദേശത്തും ഉള്ള പൂക്കളുകളുടെ വര്‍ണ്ണരാജി ആരെയും വിസ്മയിപ്പിക്കുന്നതാണ്. പൂപ്പൊലി പൂക്കളുകളുടെ വിസ്മയലോകം തീര്‍ക്കുക മാത്രമല്ല അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പൂക്കളുകളുടെ ആവശ്യകതയും മാര്‍ക്കറ്റിംഗ് സാധ്യതയും വെളിപ്പെടുത്തുന്ന ഒന്നാണ്.
കേരള കാര്‍ഷിക സര്‍വ്വകലാശാലയും കൃഷിവകുപ്പും മറ്റ് അനുബന്ധ ഡിപ്പാര്‍ട്ട്‌മെന്റുകളും ഒരുമിച്ച് പൂകൃഷി വിപുലപ്പെടുത്തുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കണം. മറ്റ് കാര്‍ഷിക വിളകള്‍ക്ക് നല്‍കുന്ന അതേ പ്രാധാന്യം പൂകൃഷിക്ക് ലഭ്യമാക്കണം. പൂകൃഷിക്ക് ആവശ്യമെങ്കില്‍ പ്രത്യേക പദ്ധതി തന്നെ രൂപീകരിക്കണം മന്ത്രി അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ സുല്‍ത്താന്‍ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആദ്യ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖ് നിര്‍വഹിച്ചു. വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ സ്‌നേഹ സന്ദേശം ചടങ്ങില്‍ വായിച്ചു. സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസൈനാര്‍.സി സ്റ്റാള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തൃക്കാക്കര എം.എല്‍.എ ഉമാ തോമസ്, ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ ആശംസകള്‍ അറിയിച്ചു. കാര്‍ഷിക സര്‍വ്വകലാശാല ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ. ജേക്കബ് ജോണ്‍ സ്വാഗതവും അമ്പലവയല്‍ കാര്‍ഷിക കോളേജ് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ആന്‍ഡ് ഡീന്‍ ഡോ. കെ അജിത് കുമാര്‍ നന്ദിയും പറഞ്ഞു.