നോട്ട് നിരോധനം ശരിവച്ച് സുപ്രീം കോടതി

നോട്ട് നിരോധനം ശരിവച്ച് സുപ്രീം കോടതി

  • അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ നാല് ജഡ്ജിമാര്‍ അനുകൂലിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ 2016ല്‍ നടപ്പാക്കിയ നോട്ട് നിരോധനം ശരിവച്ച് സുപ്രീം കോടതി. എന്നാല്‍, അഞ്ചംഗ ബെഞ്ചില്‍ നാല് ജഡ്ജിമാര്‍ നോട്ട് നിരോധനത്തെ ശരിവച്ചപ്പോള്‍ ഒരു ജഡ്ജി എതിര്‍ത്തു. ജസ്റ്റിസ് ബി.വി. നാഗരത്‌നയാണ് വിയോജിച്ചത്. നോട്ട് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ലെന്ന് അദേഹം വിയോജിപ്പ് വിധിയില്‍ വ്യക്തമാക്കി. ആര്‍.ബി.ഐയുടെ അധികാരം കേന്ദ്രസര്‍ക്കാര്‍ കവര്‍ന്ന് എടുക്കുകയാണ്. നോട്ട് നിരോധനം നടപ്പാക്കണമെങ്കില്‍ ഓര്‍ഡിനസ് കൊണ്ടുവരികയോ, നിയമനിര്‍മാണം നടപ്പിലാക്കുകയോ ചെയ്യണമായിരുന്നുവെന്ന് അദേഹം വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബി.ആര്‍ ഗവായ്, എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്‌മണ്യന്‍, ബി.വി നാഗരത്ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നോട്ട് നിരോധനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ച് തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ എടുത്ത നോട്ട് നിരോധനം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീകോടതി വ്യക്തമാക്കി. തീരുമാനിച്ചത് കേന്ദ്രമായത് കൊണ്ട് മാത്രം നടപടി ശരിയല്ലെന്ന് പറയാനാകില്ലന്നും കോടതി വ്യക്തമാക്കി. ആര്‍.ബി.ഐയുമായി കൂടി ആലോചിച്ച് കേന്ദ്ര സര്‍ക്കാരിന് തീരുമാനം എടുക്കാം. ലക്ഷ്യപ്രാപ്തി പ്രസക്തമല്ലെന്ന് ആദ്യവിധി പ്രസ്താവിച്ച ബി.ആര്‍ ഗവായി പറഞ്ഞു.

ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാവിലെ പത്തരയോടെയാണ് വിധി പ്രസ്താവിച്ചത്. ബെഞ്ചിലെ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായിയും ബി.വി. നാഗരത്‌നയുമാണ് വിധിയെഴുതിയത്. 2016ലെ നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നാണ് ഹര്‍ജിക്കാര്‍ ഉയര്‍ത്തിയ വാദം.

നേരത്തെ നോട്ടുനിരോധന വിവാദങ്ങളോട് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. നോട്ടുനിരോധനം ഒരു തമാശയായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. നോട്ടു നിരോധനം പെട്ടെന്നുള്ള തീരുമാനമല്ലായിരുന്നു. അത് ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. നോട്ടു നിരോധനത്തിനു ഒരു വര്‍ഷം മുമ്പു തന്നെ ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരുടെയെങ്കിലും കൈവശം കള്ളപ്പണമുണ്ടെങ്കില്‍ പിഴ അടച്ച് നിക്ഷേപിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. കള്ളപ്പണം തടയുന്നതിനു വേണ്ടി ആലോചിച്ചെടുത്ത നടപടിയായിരുന്നു നോട്ടു നിരോധനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. 2016 നവംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ നിരോധിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *