നോട്ട് നിരോധനം ഭരണഘടനാപരമോ? സുപ്രീം കോടതി വിധി ഇന്ന്

നോട്ട് നിരോധനം ഭരണഘടനാപരമോ? സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ടിന് പഴയ 500, 1000 നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഭരണഘടനാപരമോ എന്നതില്‍ കോടതി വിധി ഇന്ന്. നിരോധനത്തിന് ആറു വര്‍ഷത്തിന് ശേഷമുള്ള വിധി കേന്ദ്രത്തിനും നിര്‍ണായകമാണ്. രാവിലെ 10.30നാണ് സുപ്രീം കോടതി വിധി പ്രസ്താവം. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നിന്ന് രാവിലെ പത്തരയ്ക്ക് വരുന്നത് രണ്ട് വിധി പ്രസ്താവങ്ങളായിരിക്കും. ഭരണഘടനാ ബെഞ്ചില്‍ നിന്നും ഭിന്നവിധി ഉണ്ടാവുമോ എന്നതിലാണ് നിയമകേന്ദ്രങ്ങളുടെ ആകാംക്ഷ.
നോട്ട് നിരോധനം ഒരു സാമ്പത്തിക നയമാണ് എന്നതു കൊണ്ട് കയ്യും കെട്ടി നോക്കിയിരിക്കുമെന്ന് കരുതേണ്ടെന്ന് വാദത്തിനിടെ ഭരണഘടന ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2016 നവംബര്‍ എട്ടിന് രാത്രി എട്ട് മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തീര്‍ത്തും അപ്രതീക്ഷിതമായി 500,1000 രൂപ നോട്ടുകള്‍ നിരോധിച്ചതായി പ്രഖ്യാപിച്ചത്.
ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, ബി.വി നാഗരത്‌ന എന്നിവര്‍ ഹര്‍ജികളില്‍ രണ്ട് വിധിന്യായങ്ങള്‍ പുറപ്പെടുവിക്കും. രണ്ട് വിധികളും യോജിപ്പാണോ വിയോജിപ്പാണോ എന്നത് വ്യക്തമല്ല. നോട്ട് നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയവും ചട്ടലംഘനവും ആണെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം. തീരുമാനം റിസര്‍വ്വ് ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ചാണോ എന്ന നിയമപ്രശ്‌നമാണ് കോടതി പരിശോധിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *