കോട്ടയം: ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്. എന്നാല്‍, അത് പറഞ്ഞത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പക്ഷേ, ഇപ്പോള്‍ താന്‍ അത് രാഷ്ട്രീയത്തില്‍ ചിലപ്പോഴൊക്കെ അനുഭവിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് എം.പി ശശിതരൂര്‍. മന്നത്ത് പത്മനാഭന്റെ 146ാമത് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് തരൂര്‍ കോണ്‍ഗ്രസ്സിനെതിരേ ഒളിയമ്പ് എയ്തത്. മുമ്പും താന്‍ പെരുന്നയില്‍ വന്നിട്ടുണ്ട്. മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏറെ സന്തോഷം തരുന്ന സന്ദര്‍ശനമാണ് ഇന്നത്തേത്.
10 വര്‍ഷം മുമ്പ് എ.കെ ആന്റണി മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതിനു ശേഷം ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ മന്നം ജയന്തി സമ്മേളനത്തിലേക്ക് എന്‍.എസ്.എസ് ക്ഷണിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഏറെ കാലമായി അകല്‍ച്ചയിലാണ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമില്ല. ഈ സാഹചര്യത്തില്‍ തരൂരിന്റെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. മുമ്പ് താന്‍ തരൂരിനെ ഡല്‍ഹി നായര്‍ എന്ന് വിളിച്ചിരുന്നു. ആ തെറ്റ് തിരുത്താനാണ് ഇന്ന് തരൂരിനെ വിളിച്ചതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. തരൂര്‍ കേരളത്തിന്റെ വിശ്വപൗരനാണ്. മറ്റാരെയും എനിക്ക് ആ സ്ഥാനത്ത് കാണാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു