കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. കൊടുവള്ളി വാവാട് സ്വദേശിനിയായ 30 കാരിയാണ് ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇതിനായി ഡോക്ടര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി.
കണ്ട്രോള് റൂമില്‍ നിന്ന് നല്കിയ അത്യാഹിത സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സ് പൈലറ്റ് മുഹമ്മദ് നൗഷീര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ജീന ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ എത്തി യുവതിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചു. എന്നാല്‍ ആംബുലന്‍സ് വെണ്ണക്കാട് ഭാഗം എത്തുമ്പോഴേക്കും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ജീന ജോസഫ് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ആപത്താണെന്ന് മനസ്സിലാക്കി ആംബുലന്‍സിനുള്ളില്‍ പ്രസവം എടുക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി.
രാവിലെ 10.10ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ജീന ജോസഫിന്റെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്കി. തുടര്‍ന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തി ജീന ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്കി. ഉടന്‍ ഇരുവരെയും ആംബുലന്‍സ് പൈലറ്റ് മുഹമ്മദ് നൗഷീര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.