ഇരിങ്ങല്‍: സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയിലെ സ്റ്റുഡന്റ്‌സ് ക്രാഫ്റ്റ് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി മനോജ് കുമാര്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഇത്തരമൊരു വേദിയില്‍ അവസരം നല്‍കിയ സര്‍ഗാലയയ്ക്ക് ബാലാവകാശ കമ്മീഷന്‍ അഭിനന്ദനവും അറിയിച്ചു. സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ വിജയികളായവര്‍ക്ക് ഇതാദ്യമായാണ് അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ ഒരു വേദി ലഭിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് വിവിധ രാജ്യങ്ങളിലേയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയും കരകൗശല വസ്തുക്കള്‍ കാണുവാനും കലാകാരന്മാരുമായി സംവദിക്കുവാനുമുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകള്‍ അംഗീകരിക്കുന്നതോടൊപ്പം അവര്‍ നിര്‍മിക്കുന്ന കരകൗശല വസ്തുക്കള്‍ക്ക് സ്ഥിരം വിപണി ലഭ്യമാക്കുക എന്ന നൂതനാശയവും സര്‍ഗാലയ മുന്നോട്ട് വയ്ക്കുന്നു. ഇതാദ്യമായാണ് ഇന്ത്യയില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു അന്താരാഷ്ട്ര ഫെസ്റ്റിവല്‍ നടത്തുന്നത് അതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സൈ (സമഗ്ര ശിക്ഷ കേരള) ഭാരവാഹികളും അറിയിച്ചു.