കോഴിക്കോട്: കോഴിക്കോടിന്റെ ആതിഥേയ മര്യാദ നിലനിര്‍ത്താനും വളര്‍ത്താനും വേണ്ടി ആഹോരാത്രം പ്രയത്‌നിച്ചവരാണ് സീനിയര്‍ ജേര്‍ണലിസ്റ്റുകളെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സൗഹൃദസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമരംഗം മാറ്റത്തിന് വിധേയമാവുകയാണ്. ഒരു വ്യക്തിക്ക് തന്നെ മാധ്യമപ്രവര്‍ത്തകനാകാന്‍ കഴിയുന്ന കാലമാണിത്. സോഷ്യല്‍മീഡിയകളിലടക്കമുള്ള മാധ്യമസാധ്യതകള്‍ ശരിയാംവണ്ണം വിനിയോഗിക്കപ്പെടണം. രാവിലെ ആറ്, ആറര മണിക്ക് പത്രം വായിക്കുന്ന കാലം മാറി. രാത്രി 12 മണിക്കുതന്നെ ഇ-പേപ്പറുകള്‍ ലഭ്യമാണ്. എന്നാല്‍ പ്രിന്റ് വായിക്കുന്ന സുഖം ഇ-പേപ്പറിലൂടെ ലഭിക്കുന്നില്ല.
ഭരണ സംവിധാനങ്ങളിലെ പോരായ്മകള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണം. മാധ്യമരംഗത്തും നെഗറ്റീവും ക്രിയേറ്റീവുമായ ശൈലികള്‍ നിലനില്‍ക്കുന്നുണ്ട്. ദേശീയ തലത്തില്‍ മാധ്യമലോക കോര്‍പറേറ്റുകള്‍ കൈക്കലാക്കുകയാണ്. കാലത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന് വലിയ പങ്ക് നിര്‍വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലന്‍ മാസ്റ്റര്‍, ടി.പി ദാസന്‍, ഡോ.കെ മൊയ്തു, സി.ഇ ചാക്കുണ്ണി, പ്രസ്‌ക്ലബ് പ്രസിഡന്റ് എം.ഫിറോസ്ഖാന്‍, സി.എം.കെ പണിക്കര്‍, എന്‍.പി ചെക്കുട്ടി പ്രസംഗിച്ചു. പി.പി അബൂബക്കര്‍ സ്വാഗതവും ജോയന്റ് സെക്രട്ടറി കെ.മോഹന്‍ദാസ് നന്ദിയും പറഞ്ഞു.