തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ രാജിവച്ച സജി ചെറിയാന്‍ എം.എല്‍.എ വീണ്ടും മന്ത്രിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിന്റെ ധാരണ. ഇതിനായി ഗവര്‍ണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.എം ചുമതലപ്പെടുത്തി.
വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിന്റെ പേരിലാണ് സംസ്‌ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. 2022 ജൂലൈ മൂന്നിന് ആയിരുന്നു പത്തനംതിട്ട മല്ലപ്പള്ളിയിലെ സി.പി.എം പരിപാടിയില്‍ വച്ച് ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച് സജി ചെറിയാന്‍ വിവാദ പരാമര്‍ശം നടത്തിയത്.
”തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തില്‍നിന്ന് ലഭിക്കുന്ന മിച്ചമൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരന്മാരായത്.
ബ്രിട്ടീഷുകാരന്‍ പറഞ്ഞു തയ്യാറാക്കികൊടുത്ത ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാല്‍, ഈ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനായണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വവും ജനാധിപത്യവും കുന്തം, കുടച്ചക്രം എന്നൊക്കെ എഴുതിവച്ചിട്ടുണ്ട്.” എന്നിങ്ങനെയായിരുന്നു സജി ചെറിയാന്റെ പരാജമര്‍ശം. തിരുവല്ല, റാന്നി എം.എല്‍.എമാരടങ്ങിയ വേദിയില്‍ വച്ചായിരുന്നു പരാമര്‍ശം. പിന്നാലെ പരാമര്‍ശം വലിയ വിവാദമാകുകയും സജി ചെറിയാന്റെ മന്ത്രിസ്ഥാനം തെറിക്കുകയുമായിരുന്നു.
അഞ്ച് മാസത്തിന് ശേഷം സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പോലിസിന്റെ റെഫര്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. വിമര്‍ശനാത്കമായി സംസാരിക്കുക മാത്രമാണ് സജി ചെറിയാന്‍ ചെയ്തതെന്നും ഭരണഘടനയേയോ ഭരണഘടനാ ശില്‍പികളെയോ അവഹേളിച്ചിട്ടില്ലെന്നുമായിരുന്നു പോലിസ് കണ്ടെത്തല്‍. അതിനാല്‍ തന്നെ കേസ് തുടര്‍ന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും പോലിസ് റിപ്പോര്‍ട്ട് നല്‍കി. ഇതിന് പിന്നാലെയാണ് സജി ചെറിയാന് വീണ്ടും മന്ത്രി സഭയിലേക്കുള്ള വരവിന് കളമൊരുങ്ങിയത്.