കോഴിക്കോട്: ദലിത്-ആദിവാസി ജനത തിങ്ങി താമസിക്കുന്ന പ്രദേശങ്ങള്‍ ബഫര്‍സോണില്‍ നിന്നും ഒഴിവാക്കാന്‍ വേണ്ട അടിയന്തര നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അലയന്‍സ് ഓഫ് നാഷണല്‍ എസ്.സി/ എസ്.ടി ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബഫര്‍സോണിന്റെ പേരില്‍ ദലിത്-ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹാരം കാണാതെ ചില തല്‍പ്പരകക്ഷികളുടെ പ്രശ്‌നങ്ങള്‍ മാത്രം മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ നടപടിക്കെതിരേ ശക്തമായ സമരപരിപാടിള്‍ നടത്താന്‍ സംഘടന തീരുമാനിച്ചിട്ടുണ്ട്. ബഫര്‍ സോണിന്റെ ഭാഗമായി ദലിത്-ആദിവസികളുടെ പ്രശ്‌നങ്ങള്‍ സുപ്രീംകോടതിയെ നേരിട്ട് ബോധ്യപ്പെടുത്തുവാന്‍ സംഘടനാഭാരവഹികള്‍ തയ്യാറാണ്. ഈ മേഖലയില്‍(ബഫര്‍സോണ്‍) താമസിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും അഭിപ്രായങ്ങള്‍ ആരായാനും പട്ടികജാതി/ പട്ടികവര്‍ഗ-ഗോത്രവര്‍ഗ കമ്മീഷന്‍ നേരിട്ട് ഇത്തരം മേഖലകളില്‍ ക്യാമ്പ് നടത്തണമെന്നും ഒരുലക്ഷം പേരുടെ ഒപ്പുശേഖരണം സംഘടിപ്പിച്ച് രാഷ്ട്രപതിക്കും സുപ്രീംകോടി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും നല്‍കുവന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് മാര്‍ച്ച് ആദ്യവാരം രാഷ്ട്രപതിക്ക് നേരിട്ട് നിവേദനം നല്‍കുകയും ജന്തര്‍മന്ദിര്‍ ധര്‍ണ നടത്തുകയും ചെയ്യുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കെ.പി കോരന്‍ ചേളന്നൂര്‍ (ആദിവാസി ഊര് മൂപ്പന്‍), രാമദാസ് വേങ്ങേരി, ടി.വി ബാലന്‍ പുല്ലാളൂര്‍, കെ.സി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.