ജയിച്ചവനും, തോറ്റവനും ആരെന്ന് നിശ്ചയിക്കുകയല്ല, കരാട്ടെ ഡൊയുടെ ആത്യന്തിക ലക്ഷ്യം. കരാട്ടെ പരിശീലിക്കുന്ന ഒരാള്‍ക്ക് അനുകൂലമോ പ്രതികൂലമോ ആയ ഏത് പ്രതിബന്ധങ്ങളേയും പരിശീലനത്തിലൂടെ അതിജീവിക്കാനുള്ള സ്വഭാവ ഗുണത്തിന്റെ വികസനത്തിനുള്ള ഒരു മാര്‍ഷ്യല്‍ ആര്‍ട്ടാണ് കരാട്ടെ ഡൊ. ആയോധനകലയ്ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതം. കഠിനമായ സാധനയിലൂടെ ഉരുവം പ്രാപിച്ച അടവ് മുറകള്‍. തളര്‍ത്താനാവാത്ത ഇച്ഛാശക്തിയും ലക്ഷ്യബോധവും. സ്പോര്‍ട്സ് കരാട്ടെ ഡൊ അക്കാദമിയില്‍ നിന്നും കരാട്ടെയുടെ തത്വശാസ്ത്രങ്ങളും, പ്രായോഗിക മുറകളും സ്വായത്തമാക്കിയ 27കാരന് അശ്വിന് ഇന്ന് നാടറിയുന്ന കരാട്ടെ ഫൈറ്ററാണ്.
മത്സരവേദികളില്‍ മിന്നും താരവുമാണ്. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരമുള്ള വേള്‍ഡ് കരാട്ടെ ഫെഡറേഷനില്‍ തേര്‍ഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റും, കരാട്ടെ ഇന്ത്യാ ഓര്‍ഗനൈസേഷനില്‍ ജഡ്ജ് ബി.സര്‍ട്ടിഫിക്കറ്റും തേര്‍ഡ് ഡാന്‍ ബ്ലാക്ക് ബെല്റ്റിനുമുടമയുമാണ്. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ നടന്ന എന്‍.എസ് കെ.എ.ഐ.യുടെ നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ ഫൈറ്റിങ്ങ് വിഭാഗത്തില്‍ സില്‍വര്‍ മെഡലിനര്‍ഹനായി ഇദ്ദേഹം. ബ്ലാക്ക് ബെല്‍റ്റ് ക്വാളിഫൈയര്‍ മത്സരത്തില്‍ ഫോര്‍ത്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റും നേടുകയുമുണ്ടായി. ഒട്ടേറെ പ്രതിഭാ പുരസ്കാരങ്ങള്‍ ഈ ചെറുപ്പക്കാരനെ തേടിയെത്തിയിട്ടുണ്ട്.
ദേശത്തും വിദേശങ്ങളിലുമായി പടര്‍ന്നു കിടക്കുന്ന നിരവധി സ്പോര്‍ട്സ് കരാട്ടെ ഡൊ അക്കാദമി ശാഖകളുടെ ആചാര്യനായ സെന്‍സായ് ഡോ. കെ.വിനോദ് കുമാറിന്റെയും, സെന്‍സായ് ഷിംസിയുടേയും ശിക്ഷണത്തില്‍ വര്‍ഷങ്ങളായി കരാട്ടെ പരിശീലനം നേടി വരുന്ന അശ്വിന് കുമാര്‍ ലക്ഷ്യമിടുന്നത് ജപ്പാനില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുകയെന്നതാണ്. ജപ്പാനിലുള്ള ഗ്രാന്റ്മാസ്റ്റര്‍ കൈച്ചോ നനാഹോഷിയില് നിന്നും നേരിട്ട് പരിശീലനം നേടാനും ഈ അഭ്യാസിക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. കുട്ടി മാക്കൂലിലെ പ്രകാശന് – രാജലത ദമ്പതികളുടെ മകനാണ് അശ്വിന്. പുതുവര്‍ഷത്തില്‍ സെന്‍ സായ് വിനോദ് കുമാറിന്റെ ശിക്ഷണത്തില്‍ മാഹി മുണ്ടോക്ക് ഗവ.ക്വാട്ടേഴ്സിന് സമീപം ആരംഭിക്കുന്ന ആധുനികവല്‍ക്കരിച്ച കരാട്ടെ പരിശീലന കേന്ദ്രത്തിന്റെ ഇന്സ്ട്രക്ടരായി നിയമിതനായിരിക്കുകയാണ് ഈ കരാട്ടെ പ്രതിഭ.