മാഹി: രംഗകലയുടെ ബാലപാഠങ്ങള്‍ കേട്ടറിഞ്ഞും പരിശീലിച്ചും അഴിയൂര്‍ ജി.എം.ജെ.ബി സ്‌കൂള്‍ മുറ്റത്ത് കുട്ടിക്കൂട്ടത്തിന്റെ നാടക കളരി. ഫൈറ്റേഴ്സ് ആന്‍ഡ് അക്ഷയ കലാകേന്ദ്രം കരുവയലിന്റെ നേതൃത്വത്തിലാണ് മൂന്ന് ദിവസം നീളുന്ന നാടക കളരി ‘നെല്ലിക്ക’ ആനന്ദ് കൊറോത്ത് നഗറില്‍ തുടക്കമിട്ടത്. അറിവുണ്ട്, പരസ്പരം കരുതലുണ്ട്, പങ്കുവയ്ക്കലുണ്ട്. ഓരോ നിമിഷവും കുട്ടികള്‍ക്ക് നവ്യാനുഭവമാണ് നാടക കളരി സമ്മാനിക്കുന്നത്. അന്‍പതോളം കുട്ടികളും ഒരേ താളത്തില്‍ ക്യാമ്പിന്റെ ഭാഗമായിക്കഴിഞ്ഞു. കുട്ടികള്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ നാട്ടുകാരുടെ പരിപൂര്‍ണ സഹകരണമുണ്ട്. ക്യാമ്പിന്റെ ഒന്നാം ദിവസം പ്രമുഖ സംവിധായകന്‍ മനോജ് നാരായണന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി, കൂടാതെ പ്രദീപ് മേമുണ്ട, ഷനിത്ത് മാധവിക, രഞ്ജിത്ത് കൊയിലാണ്ടി എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. മൂന്ന് ദിവസം ക്യാംപില്‍ കുട്ടികള്‍ക്ക് അറിവ് പകരാന്‍ നിരവധി നാടകാചാര്യന്‍മാരും സിനിമാ സംവിധായകര്‍ ഉള്‍പ്പെടെയുള്ള പ്രതിഭകളുമെത്തും. സ്‌കൂള്‍ പ്രധാനധ്യാപിക ലാലി ടീച്ചര്‍, ഫിറോസ് കളാണ്ടി സംസാരിച്ചു.