കോന്നി: മോക്ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ദുരന്തനിവാരണ അതോറിറ്റി മേധാവിയും ജില്ലാ കലക്ടറും സാഹചര്യം പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി നിര്‍ദേശം നല്‍കി. പത്തനംതിട്ട കല്ലൂപ്പാറയിലാണ് കഴിഞ്ഞ ദിവസം യുവാവ് മോക്ഡ്രില്ലിനിടെ മുങ്ങിമരിച്ചത്. സംഭവത്തില്‍ ശ്രദ്ധക്കുറവുണ്ടായിട്ടില്ലെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ യുവാവിന്റെ മരണത്തില്‍ അസ്വഭാവികത ഇല്ലെന്നും വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടെന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി വിശദീകരിച്ചു.
മോക്ഡ്രില്ലിനിടെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരും. വെള്ളത്തില്‍ വീണവരെ എങ്ങനെ രക്ഷിക്കാമെന്നുള്ള പരീക്ഷണത്തിനിടയിലാണ് ബിനു സോമന്‍ മുങ്ങി മരിച്ചത്. എന്‍.ഡി.ആര്‍.എഫിന്റെയും ഫയര്‍ഫോഴ്സിന്റെയും സാന്നിധ്യമുള്ളപ്പോളായിരുന്നു അപകടം. സുഖകരമായ സ്ഥലത്തല്ല മോക്ഡ്രില്‍ നടത്തുക. ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് മനസിലാകുന്നത്. വിശദ റിപ്പോര്‍ട്ട് വൈകുന്നേരത്തോടെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.