ബേപ്പൂര്‍: അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ്‍ രണ്ടിന് ശേഷമുള്ള പരിസ്ഥിതി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ആസ്റ്റര്‍ വോളണ്ടിയേഴ്‌സ്. ബേപ്പൂര്‍ മറീന ബീച്ചും ചാലിയവും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളാണ് വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധ പ്രവര്‍ത്തകരും ഒത്തുചേര്‍ന്നു ശുചീകരിച്ചത്. ജനപ്രതിനിധികള്‍, കോര്‍പ്പറേഷനിലെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിലെയും ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഫെസ്റ്റിന്റെ സംഘാടകരും വോളണ്ടിയര്‍മാരും ആസ്റ്റര്‍ വോളണ്ടിയര്‍മാര്‍, ഗവ. മോഡല്‍ ഹൈസ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി.
ബേപ്പൂരിനൊപ്പം ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ മറ്റിടങ്ങളില്‍ പ്രധാനപ്പെട്ട പരിപാടികളില്‍ പങ്കെടുക്കേണ്ട സാഹചര്യം വന്നത് കൊണ്ട് പങ്കുചേരാന്‍ സാധിച്ചില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. വാട്ടര്‍ ഫെസ്റ്റ് വിജയിപ്പിക്കാന്‍ രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്ത വൊളണ്ടിയര്‍മാരെയും ഫെസ്റ്റിന് ശേഷം മാതൃകാപരമായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.