ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

  • ബ്രസീലില്‍ മൂന്നുദിവസത്തെ ദുഃഖാചരണം

സാവോപോളോ: ഫുട്‌ബോള്‍ ഇതിഹാസം പെലെ (82) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

വിലാ ബെല്‍മിറോയിലെ സാന്റോസ് ക്ലബിന്റെ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും സംസ്‌കാരം. രാജ്യത്തിന്റെ പ്രിയപുത്രന്റെ മരണത്തെത്തുടര്‍ന്ന് ബ്രസീലില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

1940 ഒക്ടോബര്‍ 23ന് സാവോ പോളോയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അറാന്റെസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. പതിനഞ്ചാം വയസ്സില്‍ സാന്റോസിലൂടെ ഫുട്‌ബോള്‍ ജീവിതത്തിന്റെ തുടക്കമിട്ട പെലെ 16 ആം വയസില്‍ ബ്രസീല്‍ ദേശീയ ടീമില്‍ എത്തി. 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീല്‍ ജഴ്സി അണിയുമ്പോള്‍ പെലെയ്ക്ക് പതിനാറ് വയസ് ആയിരുന്നു പ്രായം. ആദ്യം മത്സരിച്ചത് അര്‍ജന്റീനയ്ക്ക് എതിരെയും.
അര്‍ജന്റീനയോട് അന്ന് ബ്രസീല്‍ 1-2ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏകഗോള്‍ നേടി പെലെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. 58ല്‍ തന്റെ പതിനേഴാം വയസ്സില്‍ സ്വീഡനെതിരായ ലോകകപ്പ് ഫൈനലിലൂടെ അദ്ദേഹം ഫുട്ബോള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും കവര്‍ന്നു. എക്കാലത്തെയും മികച്ച ടീമുകളില്‍ ഒന്നായ ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് പെലെയായിരുന്നു.

ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍ (1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. മൂന്നു ലോകകപ്പുകള്‍ നേടിയ ഒരേയൊരു താരമായ പെലെക്ക് ഫിഫ നൂറ്റാണ്ടിന്റെ താരമെന്ന ബഹുമതി നല്‍കി ആദരിച്ചിരുന്നു. ഗോളുകളുടെ എണ്ണത്തില്‍ ഗിന്നസ് റെക്കോര്‍ഡും പെലെക്ക് സ്വന്തമാണ്. 14 ലോകകപ്പുകളില്‍ നിന്നുമായി 12 ഗോളുകളും 10 അസിസ്റ്റുമാണ് പെലെ നേടിയത്.

പത്താം നമ്പര്‍ ജഴ്‌സി എന്നതു പെലെയുടെ മാത്രം ജഴ്‌സി എന്ന നിലയിലേക്ക് ഗോള്‍ വേട്ടകൊണ്ട് പെലെ എത്തി. വിരമിച്ച ശേഷം ഫുട്‌ബോള്‍ അംബാസിഡറായി ആയിരുന്നു പെലെയുടെ പ്രവര്‍ത്തനം.

Share

Leave a Reply

Your email address will not be published. Required fields are marked *