തിരുവനന്തപുരം: തിരികെ എത്തിയ പ്രവാസികള്‍ക്ക് ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 57 പ്രവാസികള്‍ പരിശീലനത്തിനെത്തി. നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി സംരംഭങ്ങള്‍ക്കുള്ള നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.
നോര്‍ക്ക റൂട്ട്സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ സംരംഭകസഹായ പദ്ധതികള്‍, വ്യവസായ സംരംഭത്തിനാവശ്യമായ വിവിധതരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതുസംശയങ്ങള്‍ക്കുള്ള മറുപടിയും നല്‍കി. പ്രോജക്റ്റുകള്‍ തയ്യാറാക്കുന്നത് സംബന്ധിച്ചും എം.എസ്.എം.ഇയെക്കുറിച്ചും അവബോധമുണ്ടാക്കാനുള്ള ക്ലാസുകളും പരിശീലനത്തിന്റെ ഭാഗമായി നടന്നു. നോര്‍ക്ക റൂട്ട്‌സ് എന്‍.ബി.എഫ്.സി പ്രോജക്ട്‌സ് മാനേജര്‍ സുരേഷ് കെ.വി, സീനിയര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷറഫുദ്ദീന്‍.ബി എന്നിവര്‍ നേതൃത്വം നല്‍കി.
പ്രവാസികള്‍ക്കും വിദേശത്തുനിന്നും തിരികെ വന്നവര്‍ക്കും ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നോര്‍ക്ക റൂട്ട്സ് ആരംഭിച്ച സംവിധാനമാണ് നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ (NBFC). സംസ്ഥാനത്തേക്ക് പ്രവാസി നിക്ഷേപം ആകര്‍ഷിക്കുന്നതിന് സഹായകരമാകുന്ന ഏകജാലക സംവിധാനം എന്ന നിലയിലും നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു.