ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി (100) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അഹമ്മദാബാദിലെ യു.എന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച് സെന്ററിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹീരാബെന്‍ മോദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നൂറ്റാണ്ട് കാലം നീണ്ടുനിന്ന ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി അനുസ്മരിച്ചു. കഴിഞ്ഞ ജൂണില്‍ അമ്മ 100ാം വയസ്സിലേക്കു പ്രവേശിച്ചപ്പോള്‍ ഗാന്ധിനഗറിലെ വീട്ടിലെത്തി നരേന്ദ്ര മോദി പാദപൂജ നടത്തിയിരുന്നു.
1922 ജൂണ്‍ 18ന് ഗുജറാത്തിലെ മെഹ്സാനയിലാണ് ഹീരാബെന്‍ ജനിച്ചത്. ചായ വില്പനക്കാരനായ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയെ വിവാഹം കഴിച്ചു. ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി- ഹീരാബെന്‍ ദമ്പതികളുടെ ആറു മക്കളില്‍ മൂന്നാമനാണ് നരേന്ദ്ര മോദി. സോമ മോദിയാണു മൂത്ത മകന്. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി, വാസന്തി ബെന്‍ എന്നിവരാണ് മറ്റു മക്കള്‍. ഭര്‍ത്താവിന്റെ മരണം വരെ വഡ്നഗറിലെ കുടുംബ വീട്ടിലായിരുന്നു താമസം. ഭര്‍ത്താവിന്റെ മരണത്തോടെ ഇളയമകനായ പങ്കജ് മോദിയുടെ വീട്ടിലാണ് താമസം.