അമ്പലവയല്‍: കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം (ആര്‍.എ.ആര്‍.എസ്) അലങ്കാര പുഷ്പ കൃഷിയുടെയും ഇതര കൃഷികളുടെയും അനന്തസാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുന്ന പൂപ്പൊലി 2023 പുതുവര്‍ഷാരംഭമായ ജനുവരി ഒന്നിന് തുടക്കം കുറിക്കുന്നു. വൈവിധ്യവും അപൂര്‍വവും ദൃശ്യമനോഹരവുമായ അലങ്കാര പുഷ്പങ്ങളുടെ ഒരു മായികലോകമാണ് പൂപ്പൊലിയില്‍ ഒരുക്കിയിരിക്കുന്നത്.
പൂപ്പൊലിയെ വര്‍ണാഭമാക്കാന്‍ ആയിരത്തില്‍പരം ഇനങ്ങളോടുകൂടിയ റോസ് ഗാര്‍ഡന്‍, ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, ചെണ്ടുമല്ലിത്തോട്ടം ഇവയ്ക്ക് പുറമേ തായ്‌ലാന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്ത വിവിധയിനം ഓര്‍ക്കിഡുകള്‍, നെതര്‍ലാന്‍ഡില്‍ നിന്നുള്ള ലിലിയം ഇനങ്ങള്‍, അപൂര്‍വ്വയിനം അലങ്കാര സസ്യങ്ങള്‍, കാലിഫോര്‍ണിയില്‍ നിന്നുള്ള സ്‌ട്രോബറി ഇനങ്ങള്‍ എന്നിവയുടെ വിസ്മയകരമായ കാഴ്ച നിങ്ങള്‍ക്ക് ഇവിടെ കാണാം.
കൊതുമ്പുവള്ളം ഗാര്‍ഡന്‍, റോക്ക് ഗാര്‍ഡന്‍, പര്‍ഗോള, ജലധാരകള്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മോഡലുകള്‍ രാക്ഷസരൂപം, വിവിധതരം ശില്‍പങ്ങള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്,ഊഞ്ഞാല്‍, ചന്ദനോദ്യാനം, വിവിധയിനം പക്ഷിമൃഗാദികള്‍, വൈവിധ്യമാര്‍ന്ന രുചി ഭേദങ്ങള്‍ കൊണ്ട് നിറഞ്ഞ ഫുഡ് കോര്‍ട്ട്, പാചക മത്സരം, പെറ്റ് ഷോ, 200ല് പരം സ്റ്റാളുകള്‍ എന്നിവ തീര്‍ച്ചയായും സന്ദര്‍ശകരില്‍ കൗതുകവും ആനന്ദവും സൃഷ്ടിക്കും. വൈവിധ്യവും അപൂര്‍വവും ദൃശ്യമനോഹരവും ആയ അലങ്കാര പുഷ്പങ്ങളുടെ ഒരു മായിക ലോകമാണ് പൂപ്പൊലി. വര്‍ണ്ണ പുഷ്പങ്ങളുടെ വൈവിധ്യമാര്‍ന്ന പ്രദര്‍ശനം മാത്രമല്ല കാര്‍ഷിക വിജ്ഞാനം, വിപണനം, പ്രഗല്‍ഭര്‍ നയിക്കുന്ന കാര്‍ഷിക സെമിനാറുകള്‍, വിവിധയിന മത്സരങ്ങള്‍, കലാസായാഹ്നങ്ങള്‍ എന്നിവ കൊണ്ട് വരുന്ന 15 ദിവസം പുപ്പുലി 2023 സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
സുല്‍ത്താന്‍ബത്തേരി എം എല്‍ എ ഐ.സി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ജനുവരി ഒന്ന് വൈകിട്ട് 3.30ന് ഉദ്ഘാടനം ചെയ്യുന്നതോടുകൂടി പൂപ്പൊലിക്ക് തുടക്കം കുറിക്കുന്നു.