നാദാപുരം: അടുത്തവര്‍ഷത്തെ പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ കുട്ടികളുടെ മേഖലയില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിന് നാദാപുരത്ത് കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച കുട്ടികളുടെ നാല് അവകാശങ്ങള്‍ രക്ഷിതാക്കളിലും സമൂഹത്തിലും എത്തിക്കുന്നതിന് അമ്മയോട് പറയാം എന്ന പദ്ധതി കുട്ടികളുടെ ഗ്രാമസഭയുടെ നിര്‍ദേശപ്രകാരം പഞ്ചായത്ത് നടപ്പിലാക്കുന്നതാണ്.
സഞ്ചരിക്കുന്ന ലൈബ്രറി, വാര്‍ഡുകളില്‍ കളിസ്ഥലം, പഠനത്തില്‍ മാജിക് ഉള്‍പ്പെടുത്തല്‍, പഠനയാത്ര, തെരുവ് വിളക്ക് പ്രശ്‌നം, പുഴയോരത്ത് നെറ്റ് സ്ഥാപിക്കല്‍, സ്റ്റാമിന പദ്ധതി നടപ്പിലാക്കല്‍, കളിക്കുന്നതിനുള്ള ഉപകരണങ്ങള്‍ നല്‍കല്‍, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, സ്‌കൂളുകളില്‍ ജൈവമാലിന്യം ശേഖരിക്കാനുള്ള സംവിധാനം, സ്‌കൂളിലെ കുടിവെള്ള പരിശോധന എന്നീ ആവശ്യങ്ങള്‍ കുട്ടികള്‍ ഗ്രാമസഭയില്‍ ഉന്നയിച്ചു.
ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മാര്യാട് അധ്യക്ഷതവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയര്‍മാന്‍ എം.സി സുബൈര്‍, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് മെമ്പര്‍ പി.പി ബാലകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍ കില ഫാക്കല്‍റ്റി അംഗം എന്‍.വി ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ഗ്രാമസഭയില്‍ നാദാപുരം യു.പി സ്‌കൂള്‍ അധ്യാപകന്‍ അഷ്‌റഫ് മാസ്റ്റര്‍ മാജിക് ഷോ അവതരിപ്പിച്ചു. കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ വര്‍ക്കിംഗ് ഗ്രൂപ്പിലും ഭരണസമിതിയിലും ചര്‍ച്ച ചെയ്ത് ഉചിതമായ പരിഹാരം കാണുമെന്ന് ഗ്രാമസഭയില്‍ അധികൃതര്‍ ഉറപ്പു നല്‍കി. ജനകീയാസൂത്രണ പദ്ധതിയില്‍ ആകെ പദ്ധതി തുകയുടെ അഞ്ച് ശതമാനം കുട്ടികളുടെയും വയോജനങ്ങളുടെയും ക്ഷേമത്തിനായി പഞ്ചായത്ത് നിര്‍ബന്ധമായും നീക്കിവയ്ക്കണം.