ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. ഉത്തരാഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് അദ്ദേഹത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി തകരുകയും തുടര്‍ന്ന് തീപിടിക്കുകയുമായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 5:30 ഓടെയാണ് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. പന്തിനെ ദില്ലിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
വാഹനത്തിന് തീപിടിച്ചപ്പോള്‍ പന്തിന് പുറത്തിറങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് കാറിന്റെ സൈഡ് ഗ്ലാസ് തകര്‍ത്താണ് താരം പുറത്തുകടന്നത്. അദ്ദേഹത്തിന്റെ ദേഹത്ത് സാരമായി പൊള്ളലേറ്റിട്ടുണ്ട്. നിലവില്‍ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റുമെന്നാണ് പുറത്തുവരുന്ന വിവരം. താരം തന്നെയാണ് അപകടം നടക്കുന്ന സമയത്തു വാഹനമോടിച്ചിരുന്നതെന്നാണു പ്രാഥമികമായ വിവരം. അപകടത്തില്‍ തലയ്ക്കും കാല്‍മുട്ടിനും പരുക്കേറ്റു. ഋഷഭ് പന്തിന്റെ ചികിത്സയുടെ മുഴുവന്‍ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.