നന്മണ്ട: അതി ദരിദ്ര കുടുംബങ്ങള്‍ക്ക് ഒരു പശു 90 ശതമാനം സബ്സിഡി നിരക്കില്‍ കൊടുക്കുന്ന പുതിയ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് എന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. നന്മണ്ട 13 വെച്ച് നടന്ന കോഴിക്കോട് ജില്ല ക്ഷീര കര്‍ഷക സംഗമത്തിന്റെയും ഏഴുകുളം ക്ഷീരസംഘം കെട്ടിടത്തിന്റെയും ഉദ്ഘാടനം സംയുക്തമായി നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസം ആകുന്ന രീതിയില്‍ കാലിത്തീറ്റ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമാക്കും.
കുറഞ്ഞ ചെലവില്‍ കാലിത്തീറ്റ ലഭ്യമാക്കും. കാലിത്തീറ്റ നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞ ചെലവില്‍ കേരളത്തിലേക്ക് എത്തിക്കും. ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതിനും പാല് ഉല്പാദനം വര്‍ധിപ്പിക്കുന്നതിനും പദ്ധതി സഹായകമാകും മന്ത്രി പറഞ്ഞു.
കന്നുകാലികള്‍ക്കും മറ്റു വളര്‍ത്തുമൃഗങ്ങള്‍ക്കും പെട്ടെന്ന് ഉണ്ടാകുന്ന അസുഖങ്ങള്‍ക്കും കുത്തിവയ്പ്പിനും മറ്റു അത്യാഹിത സന്ദര്‍ഭങ്ങളിലും മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിന്റെ സേവനം എല്ലാ ജില്ലകളിലും നടപ്പാക്കും. 24 മണിക്കൂറും സേവന സജ്ജമായ ടെലി വെറ്ററിനറി യൂണിറ്റ് ക്ഷീര കര്‍ഷരുടെ വീട്ടുമുറ്റത്ത് അത്യാവശ്യഘട്ടങ്ങളില്‍ എത്തിക്കുകയാണ് ഉദ്ദേശ്യം. പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള വഴിയിലാണ് സംസ്ഥാനം. ക്ഷീരമേഖലയുടെ വികസനത്തിനായി വകുപ്പും സ്ഥാപനങ്ങളും ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. മുഴുവന്‍ സമയ ഡോക്ടര്‍ സേവനം ലഭ്യമാകുന്ന വെറ്ററിനറി ആരോഗ്യ കേന്ദ്രങ്ങള്‍ ബ്ലോക്ക് തലത്തില്‍ നടപ്പാക്കി. ഏത് സ്ഥലത്തും എത്താന്‍ സാധിക്കുന്ന എല്ലാവിധ ചികിത്സാ സൗകര്യങ്ങളോടും കൂടിയ ടെലി വെറ്ററിനറി വാഹന സൗകര്യ പദ്ധതിയും യാഥാര്‍ഥ്യമാകുകയാണ്. ക്ഷീരഗ്രാമം പദ്ധതി 20 പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിക്കും. ഓരോ പഞ്ചായത്തിനും 50 ലക്ഷം രൂപ അതിനായി നീക്കിവയ്ക്കും. കേന്ദ്ര-സംസ്ഥാന സഹായത്തോടെ ഇന്‍ഷുറന്‍സ് പദ്ധതി പരിഷ്കരിക്കും. മെഡിക്കല്‍ കോര്പ്പറേഷന് വഴി മരുന്ന് എല്ലാ ജില്ലകളിലും എത്തിച്ചിട്ടുണ്ട് മരുന്നിന് ഒരു ക്ഷാമവും ഉണ്ടാകില്ല.
ചടങ്ങില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് അധ്യക്ഷനായിരുന്നു. സംസ്ഥാനത്ത് ക്ഷീരവികസന മേഖല ശ്രദ്ധേയമായ മുന്നേറ്റങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ക്ഷീര മേഖലയെ സ്വയംപര്യാപ്തതയില്‍ എത്തിക്കാനും ക്ഷീരകര്‍ഷകരുടെ അവകാശ സംരക്ഷണത്തിനായി മാതൃകാപരമായ പ്രവര്‍ത്തനമാണ് ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സില്‍വി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയിലെ മുതിര്‍ന്ന ക്ഷീരകര്‍ഷകനെയും മികച്ച കര്‍ഷകരെയും ഇന്ത്യയിലെ ക്ഷീരമേഖലയിലെ മികവിന് നല്കുന്ന ഗോപാല്‍ രത്ന പുരസ്ക്കാരത്തില്‍ അഞ്ചാം സ്ഥാനം ലഭിച്ച കൊടുവള്ളി ബ്ലോക്കിലെ മൈക്കാവ് ക്ഷീരസംഘത്തെയും ചടങ്ങില്‍ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കെ.സി.എം.എം.എഫ് ചെയര്മാന് കെ.എസ് മണി, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് വി.പി ഉണ്ണികൃഷ്ണന്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനില്‍കുമാര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, മില്‍മ ഭാരവാഹികള്‍, വിവിധ ക്ഷീരസംഘം പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിനിധികള്‍, ക്ഷീര കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏഴകുളം ക്ഷീരസംഘം പ്രസിഡന്റ് പി. ശ്രീനിവാസന് മാസ്റ്റര്‍ സ്വാഗതവും ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രശ്മി ആര്. നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ക്ഷീര കര്‍ഷക സെമിനാറില്‍ യാന്‍സി മേരി ഐസക് വിഷയാവതരണം നടത്തി. കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ഷൈജി കെ.എം മോഡറേറ്ററായിരുന്നു. ജീജ കെ.എം, ശ്രീകാന്തി .എന്‍ എന്നിവര്‍ സംസാരിച്ചു.