ന്യൂഡല്‍ഹി: കര്‍ണാടകയിലെ ശിവമോഗയില്‍ വിദ്വേഷപ്രസംഗം നടത്തിയ ബി.ജെ.പി എം.പി പ്രഗ്യ സിങ് ഠാക്കൂറിനെതിരേ പോലിസ് കേസെടുത്തു. ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കവേ മുസ്‌ലിംകള്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് ഭോപ്പാല്‍ എം.പിക്കെതിരായ പരാതി.
ഹിന്ദുക്കള്‍ മുസ്‌ലിംകളുടെ ആക്രമണത്തില്‍നിന്ന് സംരക്ഷണത്തിനായി തങ്ങളുടെ വീടുകളില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സൂക്ഷിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തിരുന്നു. കുറഞ്ഞത് പച്ചക്കറി മുറിക്കാനുപയോഗിക്കുന്ന കത്തിയെങ്കിലും സൂക്ഷിക്കണമന്നതായിരുന്നു എം.പിയുടെ ഉപദേശം. ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ഠാക്കൂറിന്റെ പരാമര്‍ശം.
അവര്‍ക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ട്. സ്‌നേഹത്തില്‍ പോലും അവര്‍ ജിഹാദ് ചെയ്യുന്നു. ഒന്നും ചെയ്യാനില്ലെങ്കിലും അവര്‍ ലൗജിഹാദിനായി ഇറങ്ങിപുറപ്പെടും. ദൈവം സൃഷ്ടിച്ച ഈ ലോകത്ത് എല്ലാ പീഡകരെയും പാപികളെയും അവസാനിപ്പിച്ചില്ലെങ്കില്‍ പ്രണയത്തിന്റെ യഥാര്‍ഥ നിര്‍വചനം ഇവിടെ നിലനില്‍ക്കില്ല. അതുകൊണ്ടു തന്നെ ലൗ ജിഹാദില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അതേ രീതിയില്‍ ഉത്തരം നല്‍കണം. നിങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കുക. ശരിയായ മൂല്യങ്ങള്‍ അവരെ പഠിപ്പിക്കുക. ഞങ്ങളും (ഹിന്ദുക്കള്‍) ദൈവത്തെ സ്‌നേഹിക്കുന്നു. ഒരു സന്യാസിയും തന്റെ ദൈവത്തെ സ്‌നേഹിക്കുന്നുവെന്നും എം.പി പറഞ്ഞു.
കര്‍ണാടകയിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് അടക്കം പ്രഗ്യയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. സമൂഹത്തില്‍ വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്നും ആക്ഷേപമുയര്‍ന്നു. തുടര്‍ന്നാണ് പോലിസില്‍ പരാതി എത്തിയത്.