യു.എല്‍.സി.സി.എസിന് ഇനി ട്രോമാകെയര്‍ സന്നദ്ധസേനയും

യു.എല്‍.സി.സി.എസിന് ഇനി ട്രോമാകെയര്‍ സന്നദ്ധസേനയും

കോഴിക്കോട്: അപകടങ്ങളിലും ദുരന്തങ്ങളിലും പെടുന്നവരെ ശാസ്ത്രീയമായി രക്ഷപ്പെടുത്താനും പ്രഥമശുശ്രൂഷ നല്കാനും സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കാനും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ട്രോമാകെയര്‍ വൈദഗ്ദ്ധ്യമുള്ള സന്നദ്ധസേന രൂപവത്കരിക്കുന്നു. ഇതിനായി സൊസൈറ്റി പരിശീലനക്യാമ്പ് സംഘടിപ്പിച്ചു.

പ്രളയവും മണ്ണിടിച്ചിലും ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍, തീപിടുത്തം, റോഡപകടങ്ങള്‍, തൊഴില്‍സ്ഥലത്തും മറ്റും സംഭവിക്കാന്‍ സാധ്യതയുള്ള അപകടങ്ങള്‍, ഹൃദയാഘാതവും സ്തംഭനവും എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ കാലതാമസം കൂടാതെ പ്രഥമശുശ്രൂഷ നല്‍കാനും എത്രയും പെട്ടന്ന് ശരിയാംവിധം ആശുപത്രിയില്‍ എത്തിക്കാനുമുള്ള പരിശീലനങ്ങളാണ് നല്‍കിയത്. സൊസൈറ്റിയുടെ ജീവനക്കാരെത്തന്നെയാണ് ഇതിനു സജ്ജരാക്കുന്നത്.കോഴിക്കോട് ട്രോമാകെയര്‍ യൂണിറ്റിന്റെ സഹകരണത്തോടെ ആണു ക്യാമ്പ് സംഘടിപ്പിച്ചത്. ഡോ. ലോകേഷ് നായര്‍, ഡോ. മുഹമ്മദ് നജീബ്, പി. പി. വിനോദ്, വിജയന്‍, സജിത്ത് എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. വൈദഗ്ദ്ധ്യമില്ലാത്തവര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനവും തക്കസമയത്തു പ്രഥമശുശ്രൂഷ നല്‍കാന്‍ കഴിയാത്തതും അപകടങ്ങളില്‍ മരണസംഖ്യ ഉയരാന്‍ ഇടയാക്കുന്നുണ്ടെന്ന് ഡോ. ലോകേഷ് നായര്‍ പറഞ്ഞു.

നാദാപുരം റോഡില്‍ സൊസൈറ്റി നടത്തുന്ന വയോജനപരിപാലനകേന്ദ്രമായ ‘മടിത്തട്ടി’ല്‍ നടന്ന പരിശീലനപരിപാടി യു.എല്‍.സി.സിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ എം പത്മനാഭന്‍, അഡ്മിനിസ്‌ട്രേഷന്‍ ജനറല്‍ മാനേജര്‍ കെ. പി. ഷാബു, കെ. പ്രദീപ് കുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *