ന്യൂഡല്‍ഹി: കൊവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് രൂക്ഷമായ ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌ലന്റ് എന്നീ ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധം. ഈ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ജനുവരി ഒന്നു മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. അതിനാല്‍ കൊവിഡ് കേസുകള്‍ കൂടിയാലും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
രണ്ട് ദിവസങ്ങളില്‍ വിമാനത്താവളങ്ങളില്‍ 6000 അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിച്ചതില്‍ 39 പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ജനുവരിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന റിപ്പോര്‍ട്ടുള്ളതിനാല്‍ അടുത്ത 40 ദിവസം ഇന്ത്യക്ക് നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.