തിരുവനന്തപുരം: ആയുര്‍വേദ റിസോര്‍ട്ട് ഉള്‍പെടെയുള്ള അഴിമതി ആരോപണത്തില്‍ മറുപടി പറയാനായി ഇ.പി ജയരാജന്‍. നാളത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആരോപണം സംബന്ധിച്ചുള്ള വിശദീകരണം നല്‍കും. റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്നും റിസോര്‍ട്ടിന്റെ മുന്‍ എം.ഡി കെ.പി രമേഷ് കുമാറിന്റെ വാക്കുകേട്ടാണ് പി. ജയരാജന്‍ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇ.പിയുടെ വാദം.
സ്ഥാപനത്തിന്റെ എംഡിയായിരുന്ന വ്യവസായി കെ.പി രമേഷ് കുമാറിനായിരുന്നു വൈദീകത്തിന്റെ നിര്‍മാണ കോണ്‍ട്രാക്ടും കൊടുത്തത്. നിര്‍മാണത്തിലെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതോടെ ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ചചെയ്ത് രമേഷ് കുമാറിനെ എം.ഡി സ്ഥാനത്ത് നിന്ന് നീക്കി. ഇയാള്‍ക്കെതിരെ ബോര്‍ഡ് അന്വേഷണവും നടത്തുന്നുണ്ട്. ഈ നീക്കത്തിന് പിന്നില്‍ താനാണെന്ന് തെറ്റിദ്ധരിച്ച് മാസങ്ങളായി പിന്നാലെ നടന്ന് ഉപദ്രവിക്കുകയാണ് രമേഷ് കുമാറെന്ന് ഇ.പി സെക്രട്ടറിയേറ്റില്‍ വിശദീകരിക്കും. രമേഷ് കുമാറിന്റെ വാദങ്ങളാണ് പി. ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദനമെന്ന ഗുരുതര ആരോപണം ഉന്നയിക്കാന്‍ കൂട്ടുപിടിച്ചതെന്നും വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ പറഞ്ഞതിലെ രാഷ്ട്രീയ ലക്ഷ്യം പരിശോധിക്കണമെന്നും ഇ.പി സെക്രേട്ടറിയറ്റില്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.
നാട്ടില്‍ തുടങ്ങുന്ന ഒരു ആയുവേദ ആശുപത്രിക്ക് സഹായങ്ങള്‍ ചെയ്തു എന്നത് മാത്രമാണ് തന്റെ റോളെന്ന് ഇ.പി സെക്രേട്ടറിയറ്റില്‍ വ്യക്തമാക്കും. മകന് പത്ത് ലക്ഷവും ഭാര്യയ്ക്ക് ജില്ല ബാങ്കില്‍ നിന്ന് കിട്ടിയ വിരമിക്കല്‍ ആനുകൂല്യങ്ങളും റിസോര്‍ട്ടില്‍ നിക്ഷേപമാക്കിയിട്ടുണ്ട്.
തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തില്‍ മാധ്യമങ്ങളോട് സംസാരിച്ചതും കാഞ്ഞങ്ങാട്ട് പ്രസംഗിച്ചതും ചൂണ്ടിക്കാട്ടും. തെറ്റുകാരനെങ്കില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നും അറിയിക്കും. ഇ.പിയുടെ വിശദീകരണത്തോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാതെ സെക്രട്ടേറിയറ്റില്‍ തന്നെ പറഞ്ഞുതീര്‍ക്കാനാണ് നീക്കമെന്ന അഭ്യൂഹം ശക്തമാണ്.