തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേസില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ച് സി.ജെ.എം കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ ശ്രമിച്ചു. വൈര്യനിര്യാതന ബുദ്ധിയോടെയാണ് സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ടതെന്നും, തീയില്‍ കാച്ചിയ പൊന്നുപോലെ നേതാക്കള്‍ ഇപ്പോള്‍ പുറത്തുവന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേസില്‍ തീയില്‍ കാച്ചിയ പൊന്ന് പോലെ എല്ലാ നേതാക്കളും പുറത്ത് വന്നു. കേരള രാഷ്ട്രീയത്തില്‍ ഇത്തരം വേട്ടയാടലുകള്‍ നടക്കാന്‍ പാടില്ല. എല്ലാത്തിനും ഉത്തരവാദി പിണറായി വിജയനാണ് എന്നും വി.ഡി സതീശന്‍ പറഞ്ഞു.
സോളാര്‍ കേസില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന നേതാക്കള്‍ക്കുണ്ടായ അപമാനത്തിന് ആര് കണക്ക് പറയും. സി.പി.എം ആളുകളെ അപമാനിക്കുന്ന ശ്രമത്തിന്റെ അവസാന കേസ് ആകണം ഇത്. പരാതിക്കാരി ആവശ്യപ്പെട്ടത് കൊണ്ടാണ് കേസ് സി.ബി.ഐക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മറ്റൊരു പരാതിക്കാരി വേറൊരു കേസ് സി.ബി.ഐക്ക് വിടാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്താണ് ഇത് വിടാത്തത് എന്നും അദ്ദേഹം ചോദിച്ചു.