സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. കലോത്സവത്തിനെത്തുന്ന മത്സരാര്‍ത്ഥകളടക്കമുള്ള എല്ലാവരിലും മാസ്‌കും സാനിറ്റൈസറുമുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചു. കോടതി വിധിയില്ലാതെ ഏകദേശം 14,000 പേര്‍ കലോത്സവത്തില്‍ പങ്കെടുക്കുമെന്നും സംസ്‌കൃതോത്സവം, അറബിക് കലോസവവും ഇതോടൊപ്പം നടക്കുമെന്നും മന്ത്രി പറഞ്ഞു.
എ ഗ്രേഡുകാര്‍ക്ക് 1000 രൂപ ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് നല്‍കും. അടുത്ത തവണ തുക വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനുവരി രണ്ടിന് രജിസ്‌ട്രേഷന്‍ തുടങ്ങും. മോഡല്‍ സ്‌കൂളാണ് രജിസ്‌ടേഷന്‍ കേന്ദ്രം. ഓരോ ജില്ലക്കും ഓരോ കൗണ്ടര്‍ ഒരുക്കും. കലാകാരന്‍മാര്‍ക്ക് യാത്രാ സൗകര്യത്തിനായി 30 കലോത്സവ വണ്ടിയും സജ്ജീകരിക്കും. എല്ലാ ഒരുക്കങ്ങളും നാളെ വൈകിട്ടോടെ പൂര്‍ത്തിയാകും.
ജനുവരി മൂന്നിന് രാവിലെ 8.30ന് പൊതുവിദ്യാഭ്യാസ ഡയര്‍ക്ടര്‍ പതാക ഉയര്‍ത്തും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം 23 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11നും മറ്റുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണിക്കുമായിരിക്കും മത്സരങ്ങള്‍ ആരംഭിക്കുക.

മത്സര വേദികളില്‍ റൂട്ട് മാപ്പ് പ്രദര്‍ശിപ്പിക്കും. ഭക്ഷണശാല മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് ഒരുക്കിയിട്ടുള്ളത്. ഒരു സമയം 2000 പേര്‍ക്ക് കഴിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 17,000 പേര്‍ ഭക്ഷണത്തിന് ഉണ്ടാകും. മത്സരഫലങ്ങള്‍ വേദിക്ക് അരികില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിജിറ്റല്‍ സൗകര്യം ഉണ്ടാകും. കേരളത്തിന് അകത്തും പുറത്തുമുള്ള കുറ്റമറ്റ വിധികര്‍ത്താക്കളായിരിക്കും മത്സരം വിലയിരുത്തുക. പരാതികള്‍ സ്വാഭാവികമായും ഉണ്ടാകാം. എല്ലാ മത്സരങ്ങളുടേയും വീഡിയോ റെക്കോര്‍ഡിങ്ങ് ഉണ്ടാകും. അപ്പീല്‍ വന്നാല്‍ സ്വീകരിക്കും. കുട്ടികള്‍ മത്സരിക്കട്ടെ രക്ഷിതാക്കളും അധ്യാപകരും മത്സരിക്കാതിരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *