തലശ്ശേരി: കടലും പുഴയും ഇഴചേരുന്ന പ്രകൃതി ഭംഗിയാര്‍ന്ന ധര്‍മ്മടം ഐലന്റ് കാര്‍ണിവലിന് സന്ദര്‍ശകരുടേയും കലാസ്വാദകരുടേയും പ്രവാഹം -ബീച്ച് ടൂറിസം സെന്ററില്‍ തുടരുന്ന കാര്‍ണിവലില്‍ വിനോദ വിജ്ഞാനദായകമായ പരിപാടികള്‍ക്കൊപ്പം റബ്‌കോ ഉള്‍പെടെ ഗുണമേന്മ ഉറപ്പുള്ള സ്ഥാപനങ്ങളുടെ വിപണന സ്റ്റാളുകളും സജ്ജമാണ്. പുതുവര്‍ഷ പിറവി നാളായ ജനുവരി ഒന്ന് വരെ തുടരുന്ന കാര്‍ണിവലിന് ഇക്കഴിഞ്ഞ 23ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തത്. അന്ന് മുതല്‍ കാണികളുടെ നിലയ്ക്കാത്ത പ്രവാഹമാണ് നഗരിയില്‍ അനുഭവപ്പെടുന്നത്. കുടുംബസമേതം എത്തുന്നവര്‍ വന്‍ വിലക്കുറവിലും റിബേറ്റിലും കൈനിറയെ നിത്യോപയോഗ സാധനങള്‍ വാങ്ങിയാണ് സംതൃപ്തിയോടെ തിരിച്ചുപോവുന്നത്. അശ്വമേധം ഫെയിം ജി.എസ് പ്രദീപ് അവതരിപ്പിച്ച അറിവരങ്ങ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ പ്രയോജനപ്രദമായി. ഗ്രാമ പ്രതിഭകളുടെ നൃത്ത-സംഗീതോത്സവവും അരങ്ങേറി. തുടര്‍ന്നുള്ള ദിവസങ്ങളിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തുന്നുണ്ട്. ഐലന്റ് കാര്‍ണിവല്‍ ധര്‍മ്മടത്തിന്റെ ഗ്രാമോത്സവമായി മാറിക്കഴിഞ്ഞു. സുരക്ഷയും ഗതാഗതക്രമീകരണങ്ങളും കുറ്റമറ്റതാക്കാന്‍ നിയമപാലകര്‍ക്കൊപ്പം വളണ്ടിയര്‍മാരും ജാഗരൂകരായുണ്ട്.