കേരള രാഷ്ട്രീയത്തിലെ അതികായനും മുന്‍ കേരളാ ആഭ്യന്തര – ടൂറിസം മന്ത്രിയും സ്‌പോര്‍ട്‌സ് സ്‌നേഹിയുമായിരുന്ന അകാലത്തില്‍ പൊലിഞ്ഞു പോയ കോടിയേരി ബാലകൃഷ്ണന്റെ സ്മരണാര്‍ത്ഥം അഖില കേരളാടിസ്ഥാനത്തില്‍ വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 20 ഓവര്‍ വീതമുള്ള, ലീഗ് – കം – നോക്കൗട്ട് അടിസ്ഥാനമാക്കിയുളള പ്രൈസ് മണി ടൂര്‍ണമെന്റില്‍ 15 അംഗ താരങ്ങളടങ്ങിയ എട്ട് ടീമുകളാണ് മാറ്റുരക്കുന്നത്. വിജയികള്‍ക്കും റണ്ണേഴ്‌സ് അപ് നും നല്‍കുന്ന ട്രോഫികളുള്‍പ്പെടെയുള്ള മുഴുവന്‍ വ്യക്തിഗത ഉപഹാരങ്ങളും കോടിയേരിയുടെ നാമധേയത്തിലായിരിക്കും നല്‍കുക. 2023 ഏപ്രില്‍ രണ്ടാം വാരത്തില്‍ തലശ്ശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയ ത്തിലാണ് ടൂര്‍ണമെന്റ് നടത്തുന്നത്.
ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ടുന്ന ടീമുകളുടെ തെരഞ്ഞെടുപ്പും താരങ്ങള്‍ക്കുള്ള ജേഴ്‌സി പ്രകാശന കര്‍മ്മവും കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്കും നിര്‍വ്വാഹക സമിതി അംഗങ്ങള്‍ക്കുമുള്ള ഉപഹാര സമര്‍പ്പണവും തലശ്ശേരി നാരങ്ങാപ്പുറം ബി.കെ.എം ഹോട്ടല്‍ ഹാളില്‍ നടന്നു. തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ്ബിന്റെയും തലശ്ശേരി ടൗണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചേര്‍ന്ന ചടങ്ങില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ജോ: സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബിനീഷ് കോടിയേരി മുഖ്യാതിഥിയായി. സ്‌പോര്‍ട്‌സ് ലവേഴ്‌സ് ഫോറം ചെയര്‍മാന്‍ കെ.വി ഗോകുല്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി പ്രസ്സ് ഫോറം പ്രസിഡന്റ് നവാസ് മേത്തര്‍, തലശ്ശേരി നഗരസഭാംഗം ഫൈസല്‍ പുനത്തില്‍, കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എ.സി.എം ഫിജാസ് അഹമ്മദ്, സെക്രട്ടറി വി.പി അനസ്, ട്രഷറര്‍ കെ.നവാസ്, കെ.സി.എ അംഗം ടി. കൃഷ്ണ രാജ്, കേരളാ വനിതാ സീനിയര്‍ ക്രിക്കറ്റ് താരം സജ്‌ന എന്നിവര്‍ സംസാരിച്ചു. ഡിജു ദാസ് സ്വാഗതവും ജസ്ബീര്‍ പറക്കോടന്‍ നന്ദിയും പറഞ്ഞു.