കൊച്ചി: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ഇനി നിയമനടപടിക്കില്ലെന്ന് പരാതിക്കാരി. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനമെന്ന് പരാതിക്കാരി പറഞ്ഞു. പരാതിയില്‍ തെളിവില്ലെന്ന് കാണിച്ച് സി.ബി.ഐ ഉമ്മന്‍ചാണ്ടിക്കും എ.പി അബ്ദുള്ളക്കുട്ടിക്കും ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതിനെതിരേ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ നിയമനടപടിക്കില്ലെന്നും എന്നാല്‍, മറ്റുള്ളവരുടെ സി.ബി.ഐ റിപ്പോര്‍ട്ട് തള്ളണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി വ്യക്തമാക്കി.
പരാതിയില്‍ തെളിവില്ലെന്ന് കാണിച്ച് സി.ജെ.എം കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമെന്നും റിപ്പോര്‍ട്ട്. ഇതോടെ സര്‍ക്കാര്‍ കൈമാറിയ എല്ലാ കേസിലേയും പ്രതികളെ സി.ബി.ഐ കുറ്റവിമുക്തരാക്കി. ക്ലിഫ്ഹൗസില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി. ഈ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലില്ലായിരുന്നെന്ന് സി.ബി.ഐ അറിയിച്ചു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി. എന്നാല്‍ ഈ ആരോപണത്തിലും തെളിവുകളില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.