ന്യൂഡല്‍ഹി: ഇ.പി ജയരാജനെതിരായി ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ പി.ബി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ വിവാദങ്ങള്‍ ഒന്നും പി.ബിയുടെ ചര്‍ച്ചയില്‍ വന്നില്ലെന്നും കേരളത്തിലെ വിഷയങ്ങള്‍ സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്യുമെന്നും യെച്ചൂരി വിശദീകരിച്ചു. കേരളവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ വന്നത് ഗവര്‍ണറുടെ വിഷയമാണ്. തെറ്റ് തിരുത്തല്‍ രേഖ അടുത്ത മാസം കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്യും.
രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയില്‍ സി.പി.എം നേതാക്കള്‍ ആരും പങ്കെടുക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി. സി.പി.എം കേന്ദ്ര കമ്മറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചതിന് പിന്നാലെയാണ് ജനറല്‍ സെക്രട്ടറിയുടെ വിശദീകരണം. ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ പരിപാടിയാണ്. അതില്‍ പങ്കെടുക്കുമോ എന്ന ചോദ്യം തന്നെ ഉയരുന്നില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
ത്രിപുരയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയെന്നതാണ് സി.പി.എമ്മിന്റെ ലക്ഷ്യം. സഖ്യം സംബന്ധിച്ച ചര്‍ച്ചയും സ്ഥാനാര്‍ഥി നിര്‍ണയവും അടുത്ത മാസം ഒന്‍പതിനു സംസ്ഥാന കമ്മറ്റിയില്‍ നടക്കുമെന്നും യെച്ചൂരി വിശദീകരിച്ചു.