തലശ്ശേരി: ധാര്‍മിക ശിക്ഷണം നേടി ജീവിതം വര്‍ണാഭമാക്കാം എന്ന സന്ദേശവുമായി ടീന്‍ ഇന്ത്യ ജില്ലാ കൗമാര സമ്മേളനത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്തി. മയക്ക് മരുന്നിനും മദ്യത്തിനും ആശയ സംഘര്‍ഷത്തിനുമെതിരായ ധര്‍മപാതയിലേക്ക് കൗമാരത്തെയും കുടുംബത്തെയും ക്ഷണിച്ചു കൊണ്ടുള്ള റാലിയില്‍ ആയിരക്കണക്കിന് കുട്ടികള്‍ പങ്കെടുത്തു. തലശ്ശേരി സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച റാലിക്ക് ടീന്‍ ഇന്ത്യ ജില്ലാ ഗേള്‍സ് ക്യാപ്റ്റന്‍ മിന്‍ഹഷറിന്‍, സെക്രട്ടറി ഹനീന താജ്, വൈസ് ക്യാപ്റ്റന്‍ ഹാജറ, ബോയ്‌സ് ക്യാപ്റ്റന്‍ നസീല്‍ മുനീര്‍, സെക്രട്ടറി അദ്‌നാന്‍, വൈസ് ക്യാപ്റ്റന്‍ സയാന്‍ സ്വലാഹ് എന്നിവര്‍ നേതൃത്വം നല്‍കി. അയ്യായിരത്തോളം കുട്ടികള്‍ വ്യത്യസ്ത പ്ലാറ്റൂണുകളായി അണിനിരന്ന ഘോഷയാത്രയില്‍ സ്‌കേറ്റിംഗ് ,കോല്‍ക്കളി, ദഫ് മുട്ട്, നിശ്ചല ദൃശ്യങ്ങള്‍, ബാന്‍ഡ് മേളം എന്നിവ മാറ്റ് കൂട്ടി. സത്യം വിളിക്കുന്ന വര്‍ണം പുല്‍കാമെന്നും, നിത്യം വസിക്കുന്ന വര്‍ണങ്ങളിലലിയാമെന്നും നാടിനും കുടുംബത്തിനും കണ്‍കുളിര്‍മയുള്ളവരാവാമെന്നും റാലി ആഹ്വാനം ചെയ്തു.
ജന്റര്‍ ന്യൂട്രാലിറ്റി സിദ്ധാന്തത്തിനെതിരേയും വംശീയതയുടെ രാഷ്ട്രീയത്തെ വികസിപ്പിക്കുന്നവരോടും റാലി താക്കീത് നല്‍കി. റാലിക്ക് ശേഷം സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോയും, സംഗീത ശില്‍പം, മ്യൂസിക്കല്‍ ഡിസ്‌പ്ലേ, ഖവ്വാലി എന്നിവയും അരങ്ങേറി. കൗമാര സമ്മേളനം ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് സഅദത്തുള്ള ഹുസ്സൈനി ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളെ അധികരിച്ച് ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂര്‍, അബ്ബാസ്.വി.കൂട്ടില്‍, മുഹമ്മദ് സാജിദ് നദ്‌വി, നബ്ഹാന്‍, സ്വാലിഹ, സല്‍മാനുല്‍ ഫാരിസ്, നാസില്‍ മുനീര്‍, മിന്‍ഹാ ഷെറിന്‍, അബ്ദുല്‍ നാസര്‍.സി, ടി.പി ജാബിദ , ടി.കെ.മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.