കോഴിക്കോട്: ബാലസംഘം സ്ഥാപക ദിനമായ 28ന് ജില്ലയിലെ 16 ഏരിയാ കേന്ദ്രങ്ങളില്‍ വര്‍ണശബളമായ ഘോഷയാത്ര നടക്കും. 80000ത്തോളം കുട്ടികള്‍ ഘോഷയാത്രയില്‍ അണിചേരും. നിശ്ചല ദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍, വിവിധ കലാപരിപാടികള്‍ ഘോഷയാത്രക്ക് മാറ്റ് കൂട്ടും. ഏരിയാ കേന്ദ്രങ്ങളില്‍ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. വൈകീട്ട് നാല് മണിക്കാണ് പരിപാടി. അന്ധവിശ്വാസങ്ങളും ആള്‍ദൈവങ്ങളും കുട്ടികളെ ഉപയോഗിച്ചുള്ള മന്ത്രവാദങ്ങളും പെരുകുന്ന സമൂഹത്തില്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ നാല് ചുമരുകള്‍ക്കപ്പുറത്ത് യുക്തിചിന്തയിലും ശാസ്ത്രബോധത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ മേഖലയാണ് ബാലസംഘം മുന്നോട്ട് വയ്ക്കുന്നതെന്ന് ജില്ലാ സെക്രട്ടറി കെ.ജിഷ്ണു പറഞ്ഞു. അറിവിനെ ആയുധമാക്കി വിവേചന രഹിതമായ, സമത്വസുന്ദര ലോകം പണിയാന്‍ ഭാവിതലമുറയെ സജ്ജരാക്കുകയാണ് ബാലസംഘത്തിന്റെ ഉത്തരവാദിത്വം. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി സപന്യ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ ലതിക, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ശ്രീദേവ് എന്നിവര്‍ പങ്കെടുത്തു.