കോഴിക്കോട്: പുതിയ കാലത്ത് ധാര്‍മിക മൂല്യമുള്ള ശാസ്ത്രജ്ഞര്‍ ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണെന്ന് പ്രമുഖ ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഡോ. പി കെ സുമോദന്‍ പറഞ്ഞു. ‘ശാസ്ത്ര സാങ്കേതികരംഗത്തെ ആധുനിക പുരോഗതികള്‍’ എന്ന പ്രമേയത്തില്‍ ജാമിഅ മദീനത്തുന്നൂര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ മദീനത്തുന്നൂര്‍ സയന്‍സ് ഓര്‍ബിറ്റ് സംഘടിപ്പിച്ച സയന്‍സ് അക്കാദമിക്ക് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രം ആത്യന്തികമായി മനുഷ്യ നന്മക്കാണെന്നും പ്രയോഗിക്കുന്നവര്ക്കനുസരിച്ച് അതിന് മാറ്റം വരാമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രം കണ്ടുപിടിത്തങ്ങള്‍ മാത്രമല്ലെന്നും ശാസ്ത്ര അവബോധം ഉണ്ടാക്കിയെടുക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശാസ്ത്ര അവബോധം വളര്‍ത്തുന്നതില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ശ്രമങ്ങള്‍ സത്യുത്യാര്ഹമാണെന്നും സയന്റിഫിക്ക് ടെമ്പര്‍ പ്രതിബാധിക്കുന്ന ഭരണഘടനയാണ് എന്നത് ഇന്ത്യന്‍ ഭരണഘടനയുടെ വലിയൊരു പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. ജാമിഅ മദീനത്തുന്നൂര്‍ പ്രോ റെക്ടര്‍ ആസഫ് നൂറാനി അക്കാദമിക് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. കുല്ലിയത്തു മദീനത്തുന്നൂര്‍ ബൈത്തുല്‍ ഇസ്ല പ്രിന്‍സിപ്പള്‍ മുജ്തബ നൂറാനി അധ്യക്ഷത വഹിച്ചു.
കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.നൗഫല്‍ സഖാഫി അല്‍ അസ്ഹരി ചെയറായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് സംഭവിക്കുന്ന പുതിയ പുരോഗതികളെകുറിച്ച് രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നായി ഇരുപതോളം ഗവേഷക വിദ്യാര്‍ത്ഥികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു