കോഴിക്കോട്: തളി മഹാക്ഷേത്രത്തില്‍ മൂന്നാം മഹാരുദ്ര യജ്ഞം 29 മുതല്‍ ജനുവരി എട്ടുവരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്‌മശ്രീ ചേന്നാസ് ശങ്കരനാരായണ നമ്പൂതിരിപ്പാട്, ബ്രഹ്‌മശ്രീ ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. എല്ലാ ദിവസവും പതിമൂന്നോളം വേദ പണ്ഡിതര്‍ പങ്കെടുക്കുന്ന വിഷ്ണു സഹസ്രനാമാര്‍ച്ചനയും ലളിത സഹസ്ര നാമത്തോടെയുള്ള ഭഗവതി സേവയും ഉണ്ടാകും. 28ന് വൈകീട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അഡ്വ. ഗോവിന്ദ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി.നന്ദകുമാര്‍, പ്രശസ്ത മൃദംഗ വിദ്വാന്‍ എന്‍.ഹരിക്ക് മഹാരുദ്ര കീര്‍ത്തി പുരസ്‌കാരം സമ്മാനിക്കും. ടി.ആര്‍ രാമവര്‍മ, ടി.എം ബാലകൃഷ്ണ ഏറാടി,പടിയേരി ഗോപാല കൃഷ്ണന്‍ ആശംസര്‍ നേരും. പി.വാസുദേവ പിഷാരടി, മോഹന മാരാര്‍ എന്നിവര്‍ അഷ്ടപദി ആലപിക്കും. കെ.പി കൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും എം.ശശിധരന്‍ നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ കൃഷ്ണന്‍ നമ്പൂതിരി, ബാലകൃഷ്ണ ഏറാടി, എക്‌സിക്യൂട്ടീവ് ഓഫിസര്‍ എം.ശശിധരന്‍, കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.