കോഴിക്കോട്: പാട്ടുകള്‍ പാടുന്നവര്‍ സ്വന്തം ഗാനം ആദ്യം ആസ്വദിക്കണമെന്ന് ഗായിക കെ.എസ് ചിത്ര. സോഷ്യല്‍ മീഡിയ വഴി രുപീകരിച്ച കൂട്ടായ്മയായ സംഗീതമേ ജീവിതം ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. കഠിനാധ്വാനത്തിലൂടെ മാത്രമേ മികച്ച ശബ്ദത്തിനുടമയാകാനാകൂവെന്നാണ് ഈ രംഗത്തേക്ക് കടന്ന് വരുന്നവര്‍ക്ക് നല്‍കാനുള്ള ചിത്രയുടെ ഉപദേശം. ഏറ്റവും കൂടുതല്‍ പാടിയത് ഏത് ഭാഷയില്‍ എന്ന ചോദ്യത്തിന് തെലുങ്കിലെന്ന് മറുപടിയെത്തി. മലയാളത്തില്‍ രണ്ട് പാട്ട് ഉണ്ടാകുന്ന സ്ഥാനത്ത് തെലുങ്ക് സിനിമയില്‍ 10ല്‍ കൂടുതല്‍ പാട്ട് ഉണ്ടാകുമെന്നായിരുന്നു അതിന് കാരണമായി ചിത്ര പറഞ്ഞത്.
ചിത്രയെക്കുറിച്ച് സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ പാട്ട് ഡോക്ടര്‍ സിനിത മെഹ്ഷാബ് അലപിച്ചു. ഗായക സംഘത്തിലെ ഭിന്നശേഷിക്കാരിയായ ശധ ഷാനവാസുമായി ചിത്ര സമയം ചെലവഴിച്ചു. ചേച്ചിയെ പാട്ട് പഠിപ്പിക്കുന്നത് കേട്ട് പഠിച്ചത്, യാദൃശ്ചികമായി സ്‌കോളര്‍ഷിപ്പ് കിട്ടിയത് ,യേശുദാസിന് വേണ്ടി ട്രാക്ക് പാടിയത് , ജാനകിയമ്മയെയും ആദ്യമായി നേരില്‍ കണ്ടതും ഒപ്പം പാടിയതിന്റെ അനുഭവ കഥകള്‍ പറഞ്ഞും പുറത്തിറങ്ങാത്ത സിനിമയിലെ പാട്ടും ഇഷ്ടപ്പെട്ട പാട്ട് പാടിയും കാണികളുടെ ചോദ്യങ്ങളിലൂടെ ചിത്ര മറുപടി പറഞ്ഞു. തന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി പാടിയ ഗായക സംഘം അവതരിപ്പിച്ച ഗാന വിരുന്ന് ഇഷ്ടപ്പെട്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് സംഗീതമേ ജീവിതം ഫൗണ്ടേഷന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ചിത്ര നിര്‍വ്വഹിച്ചു. ഹോട്ടല്‍ കെ.പി.എം ട്രൈപന്റയില്‍ നടന്ന തൂവല്‍ സ്പര്‍ശം ചടങ്ങില്‍ ഫൗണ്ടേഷന്‍ ഡയരക്ടര്‍ അഡ്വ.കെ എ അസീസ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കരസേന മുന്‍ ദക്ഷിണമേഖല തലവന്‍ ലഫ്റ്റനന്റ് ജനറല്‍ പി. എം ഹാരിസ്, കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി.പി അബൂബക്കര്‍ , ഡോ.ടി.പി മെഹ്‌റൂഫ് രാജ്, അഡ്വ. നീലിമ അസീസ് എന്നിവര്‍ സംസാരിച്ചു. സുശാന്തും സംഘവുമായിരുന്നു ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചത്.